ഇരട്ട സഹോദരങ്ങൾക്ക് മധുര മാംഗല്യം
കണ്ടെത്തിയത് കേരളകൗമുദി മാട്രിമോണിയലിൽ
എഴുകോൺ: ഇരട്ട സഹോദരിമാർക്ക് വരണമാല്യം ചാർത്തി ഇരട്ട സഹോദരങ്ങൾ. കോട്ടാത്തല പണയിൽ ഗുരുദേവ കൺവെൻഷൻ സെന്ററിലാണ് തിങ്കളാഴ്ച കൗതുകവും സന്തോഷവും പകർന്ന കല്യാണം നടന്നത്. കുഴിമതിക്കാട് കല്ലുവിള വീട്ടിൽ (കിടങ്ങിൽ) എസ്.ജയപ്രകാശിന്റെയും ബി.വത്സലയുടെയും ഇരട്ട മക്കളായ അഖിൽ പ്രകാശും അതുൽ പ്രകാശുമാണ് ഇരട്ടകളായ പൂജയ്ക്കും പുണ്യയ്ക്കും വരന്മാരായത്.
തേവലപ്പുറം കാവനാട്ട് പാലവിള വീട്ടിൽ എം.ചന്ദ്രാനന്ദന്റെയും കെ.ജയശ്രീയുടെയും മക്കളാണ് പൂജയും പുണ്യയും. ആദ്യം അഖിൽ പ്രകാശിന്റെയും പൂജയുടെയും വിവാഹമായിരുന്നു. തൊട്ടടുത്ത മുഹൂർത്തത്തിൽ അതുൽ പ്രകാശ് പുണ്യയ്ക്ക് താലി ചാർത്തി. കുവൈറ്റിൽ ഇലക്ട്രീഷ്യന്മാരാണ് അഖിലും അതുലും. പൂജ ഫാഷൻ ഡിസൈനറും പുണ്യ ബ്യൂട്ടീഷ്യനുമാണ്.
കേരളകൗമുദി മാട്രിമോണിയലിൽ നൽകിയ പരസ്യമാണ് ഇരട്ടകളെ തന്നെ ജീവിത സഖികളായി കണ്ടെത്താൻ അഖിലിനും അതുലിനും തുണയായത്. വിവാഹം കഴിഞ്ഞ് ഒരേ വീട്ടിലേക്ക് തന്നെ വലതുകാൽ വച്ച് കയറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പൂജയും പുണ്യയും.