പൈപ്പ് ലൈൻ വഴി പ്രകൃതിവാതകം: ഡിസംബർ ഒന്ന് മുതൽ സ്റ്റൗവിൽ തീ അണയില്ല!

Wednesday 09 July 2025 12:43 AM IST
പ്രകൃതിവാതകം

കൊല്ലം: ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ ആദ്യമായി ചവറയിലെ 50 വീടുകളിൽ പാചകത്തിനുള്ള പ്രകൃതിവാതകം പൈപ്പ്ലൈൻ വഴിയെത്തും. തൊട്ടടുത്ത മാസം മുതൽ നൂറ് വീതം കണക്ഷൻ നൽകി പ്രകൃതിവാതകം ലഭിക്കുന്ന വീടുകളുടെ എണ്ണം ക്രമേണ ഉയർത്തും.

സി.എൻ.ജി വാഹനങ്ങൾക്കുള്ള ഇന്ധനതിരണത്തിനൊപ്പം വീടുകളിൽ പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പ്ലാന്റിന്റെ പ്രാഥമിക നിർമ്മാണ പ്രവർത്തനം ചവറയിലെ കെ.എം.എം.എൽ ഭൂമിയിൽ ഈമാസം 10ന് ആരംഭിക്കും.

സിറ്റി ഗ്യാസ് പദ്ധതിയുടെ രണ്ട് പ്ലാന്റുകൾ സ്ഥാപിക്കാൻ കെ.എം.എം.എൽ 126 സെന്റ് ഭൂമിയാണ് പദ്ധതിയുടെ കരാർ കമ്പനിയായ എ.ജി.പിക്ക് പാട്ടത്തിന് നൽകിയിട്ടുള്ളത്. ഇതിൽ റോഡ് വക്കിലുള്ള 35 സെന്റ് ഭൂമിയിൽ വാഹനങ്ങളിൽ സി.എൻ.ജി നിറയ്ക്കാനുള്ള പമ്പ് സഹിതമുള്ള പ്ലാന്റാണ് ആദ്യം നിർമ്മിക്കുന്നത്.

എം.ഡി.എം, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, പഞ്ചായത്തിന്റെ ബിൽഡിംഗ് പെർമിറ്റ് എന്നിവ ലഭിക്കുന്നതോടെയാകും പ്ലാന്റ് നിർമ്മിക്കുക. ഈ പ്ലാന്റിൽ നിന്ന് 4000 വീടുകൾക്ക് പ്രകൃതിവാതകം വിതരണം ചെയ്യാം. ഇതിനിടയിൽ ഉൾഭാഗത്തുള്ള 91 സെന്റ് ഭൂമിയിൽ 35000 വീടുകളിൽ ആദ്യഘട്ടത്തിൽ വിതരണം ചെയ്യാവുന്ന രണ്ടാമത്തെ പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കും. അടുത്തവർഷം ഏപ്രിലിൽ പൂർത്തിയാകും.

നേരിട്ട് അടുക്കളയിലെത്തും  ആദ്യം പന്മന, ചവറ, തേവലക്കര പഞ്ചായത്തുകളിൽ  തുടർന്ന് കരുനാഗപ്പള്ളി, കുന്നത്തൂർ പ്രദേശങ്ങളിൽ

 കണക്ഷന് വീടുകളിലെത്തി രജിസ്ട്രേഷൻ

 പ്ലാന്റ് നിർമ്മാണത്തിനൊപ്പം പൈപ്പിടൽ

 പ്ലാന്റ് പൂർത്തിയായാലുടൻ വിതരണം

 കെ.എം.എം.എല്ലിനും ഐ.ആർ.ഇക്കും നൽകും

ആദ്യ പ്ലാന്റിൽ

വിതരണം-4000 വീടുകൾക്ക്

പ്രതിദിനം വാഹനങ്ങൾക്ക്-20000 കിലോ

ഓട്ടോക്കാരുടെ പോരാട്ട വിജയം സി.എൻ.ജി ഓട്ടോറിക്ഷകളുടെ ഡ്രൈവർമാർ ജനപ്രതിനിധികളിൽ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ജില്ലയിൽ സി.എൻ.ജി പ്ലാന്റ് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലായത്. ജില്ലയിൽ പ്ലാന്റ് ഇല്ലാത്തതിനാൽ പല സി.എൻ.ജി പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്ത അവസ്ഥയായിരുന്നു.

കൂടുതൽ വീടുകളിലേയ്ക്ക് പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്ളാന്റ് സ്ഥാപിക്കാൻ സ്ഥലം ലഭിക്കുന്നതിന് അനുസരിച്ച് പദ്ധതി വിപുലീകരിക്കും.

സിറ്റി ഗ്യാസ് പദ്ധതി അധികൃതർ