സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം
വലഞ്ഞ് യാത്രക്കാർ
കൊല്ലം: വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ സ്വകാര്യ ബസുടമാ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നലെ നടന്ന പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. ജില്ലയിൽ ആകെയുള്ള 636 സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുത്തു.
ജില്ലയിൽ കെ.എസ്.ആർ.ടി.സി 40 ഓളം അധിക സർവീസുകളും എല്ലാ ഷെഡ്യൂളുകളിലും അധിക ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്തെങ്കിലും യാത്രാ പ്രതിസന്ധി പരിഹരിക്കാനായില്ല. സമാന്തര സർവീസുകളും ഇന്നലെ കൂട്ടത്തോടെ രംഗത്തിറങ്ങി. എന്നിട്ടും ഏറെ നേരം കാത്തുനിന്നിട്ടാണ് പലർക്കും ലക്ഷ്യ സ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ ലഭിച്ചത്. ഉൾപ്രദേശങ്ങളിലുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടിയത്. ജില്ലയിലെ എല്ലാ സ്കൂളുകളും തുറന്നു പ്രവർത്തിച്ചെങ്കിലും വിദ്യാർത്ഥികളുടെ ഹാജർ കുറവായിരുന്നു. സർക്കാർ ഓഫീസുകളിലെ ഹാജരിലും നേരിയ കുറവുണ്ടായി. സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ജനങ്ങൾ കാര്യമായി എത്താഞ്ഞതിനാൽ നഗര മേഖലയിലെ ഓട്ടോറിക്ഷക്കാർക്ക് ഇന്നലെ ഓട്ടം കുറവായിരുന്നു.
സ്വകാര്യ ബസില്ലാത്തതിനാൽ ജനങ്ങൾ സ്വകാര്യ വാഹനങ്ങളുമായി കൂട്ടത്തോടെ ജില്ലയിലെ പ്രധാന ജംഗ്ഷനുകളിൽ എത്തിയതോടെ തിരക്കേറിയ സമയങ്ങളിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ഇന്ന് കേന്ദ്ര സർക്കാരിനെതിരെ വിവിധ ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിലും വലിയൊരു വിഭാഗം സ്വകാര്യ ബസുകൾ പങ്കെടുക്കും.