മൂന്ന് വയസുകാരിയെ തെരുവുനായ കടിച്ചുകീറി
Wednesday 09 July 2025 12:45 AM IST
മടത്തറ: ചിതറ ഗ്രാമപഞ്ചായത്തിലെ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. വളവുപച്ച മഹാദേവർകുന്ന് സ്വദേശികളായ ഇർഷാദ്-ഹന്ന ദമ്പതികളുടെ മകൾ ഇശലിനാണ് കടിയേറ്റത്. മുഖത്ത് മാരകമായി മുറിവേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്.
കുട്ടിയുടെ നിലവിളികേട്ട് മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ ഇവരെയും ആക്രമിക്കാൻ ശ്രമിച്ചു. ഏറെ നേരം പരിശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്ന് പട്ടിയെ തല്ലിക്കൊന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലത്തെത്തി. ചത്ത പട്ടിക്ക് പേവിഷബാധ ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനയ്ക്കായി കൊല്ലത്തേക്ക് കൊണ്ടുപോയി.