വര കൊണ്ടൊരു കോട്ട മതിൽ 'മ്മ് ണി ബല്യേ ലോകം'

Wednesday 09 July 2025 1:03 AM IST
ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിൽ ബഷീർ കഥാപാത്രങ്ങളേയും കഥാ സന്ദർഭങ്ങളേയും തനിമ ചോരാതെ ചിത്രക്യാൻവാസിൽ ഒരുക്കി വര കൊണ്ടൊരു കോട്ടമതിൽ പ്രദർശനം ഒരുക്കിയപ്പോൾ.

ശ്രീകൃഷ്ണപുരം: ഹയർ സെക്കൻഡറി സ്‌കൂളിൽ ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയും വരപ്പട ആർട്സ് ക്ലബ്ബും ചേർന്ന് ബഷീർ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുത്തി 'വര കൊണ്ടൊരു കോട്ടമതിൽ മ്മ്ണി ബല്യേ ലോകം' പ്രദർശനം സ്‌കൂൾ മുറ്റത്ത് ഒരുക്കിയത് കൗതുക കാഴ്ചയായി. വരപ്പട ക്ലബ്ബിലെ എഴുപത്തഞ്ചോളം കുട്ടി കലാകാരന്മാരാണ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്. സ്‌കൂൾ വായനശാലയിൽ നിന്ന് തെരഞ്ഞെടുത്ത ബഷീർ പുസ്തകങ്ങളിലെ ഇഷ്ട കഥാപാത്രങ്ങളേയും കഥാ സന്ദർഭങ്ങളേയും തനിമ ചോരാതെ ഭാവനയോടെ ചിത്ര കാൻവാസിലേക്കു പകർത്തി. ബഷീർ കോട്ടക്ക് 15 അടി ഉയരവും, 24 അടിയോളം വീതിയുമുണ്ട്. നൂറ് ചിത്രങ്ങളാണ് ചിത്ര കോട്ടയിൽ വിദ്യാർത്ഥികൾ വരച്ചിട്ടുള്ളത്. പ്രദർശന ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എ.മുരളീധരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ജി.മോഹനകൃഷ്ണൻ അദ്ധ്യക്ഷനായി. എ.ഹരിദാസൻ, പി.മണികണ്ഠൻ, പ്രിൻസിപ്പൽ പി.എസ്.ആര്യ, പ്രധാനാദ്ധ്യാപിക ബി.സുനിതകുമാരി എന്നിവർ സംസാരിച്ചു. പി.വിദ്യ, ടി.കെ.വിബിൻ നാഥ്, പി.എസ്.രതി, എൻ.സീന, എം.വി.മമത , ബി.അജയകുമാർ, ആർട്സ് ക്ലബ്ബ് ഭാരവാഹികളായ വി.എം.നീതിൻ, പി.ഫാത്തിമ സിയ നേതൃത്വം നൽകി.