നാട്ടിൻ പുറങ്ങളിൽ മാമ്പഴച്ചാകര.വിലയിടിയിവിൽ വലഞ്ഞ് കർഷകർ.

Wednesday 09 July 2025 12:01 AM IST

കാളികാവ്:നാട്ടിൻ പുറങ്ങളിൽ മാമ്പഴം സുലഭം.വിലയിടിഞ്ഞതോടെ വഴിയോരങ്ങളിലും പഴക്കടകളിലും കച്ചവടം പൊടിപൊടിക്കുന്നു.കിലോയ്ക്ക് 80-100 രൂപ വരെ വിലയുണ്ടായിരുന്ന മാങ്ങകൾ മൂന്ന് കിലോയ്ക്ക് 100 രൂപ തോതിലും വിൽക്കപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മാമ്പഴക്കൃഷിയെ ബാധിച്ചിട്ടില്ല. കർണാടക, അന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ഇക്കുറി കേരളത്തിൽ മാങ്ങയെത്തിയതാണ് വിലയിടിവിന്റെ കാരണം.കേരളത്തിൽ നിന്നടക്കമുള്ള മാമ്പഴങ്ങളുടെ കയറ്റുമതിക്ക് തടസ്സം നേരിട്ടതാണ് ഇക്കുറി കേരളത്തിൽ മാമ്പഴച്ചാകരയ്ക്കു കാരണം.

മേൽത്തരം മാമ്പഴങ്ങളായ അൽഫോൻസ, നീലം, മല്ലിക, കല്ലാപാടി, കിളിച്ചുണ്ടൻ എന്നിവയാണ് പ്രധാനമായും കയറ്റി അയക്കാറുള്ളത്. അമേരിക്ക, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടതാണ് കർഷകർക്കും കയറ്റുമതിക്കാർക്കും തിരിച്ചടിയായത്. ഈ മാങ്ങകൾ 50 ലക്ഷം ടണ്ണോളം വരുമെന്നാണ് കണക്ക്. ഈ മാങ്ങകൾ മൊത്തക്കച്ചവടക്കാർ കേരളത്തിലേക്ക് തിരിച്ചു വിട്ടതാണ് ഇപ്പോൾ സുലഭമാകാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.

എല്ലാ മാമ്പഴ സീസൺ കാലങ്ങളിലും കേരളത്തിലെ വ്യാപാരികൾ ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിലെ മാമ്പഴത്തോട്ടങ്ങളിൽനിന്ന് മൊത്തക്കച്ചവടം ചെയ്യാറാണ് പതിവ്.കേരള വിപണിയിലെ ചില്ലറ വിൽപ്പന മാത്രം ലക്ഷ്യമാക്കിയാണ് ഇത് ചെയ്യാറുള്ളത്.ഇക്കുറി ഈ മൊത്തക്കച്ചവടക്കാർക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

അതിനും പുറമെ കേരള വിപണി മാത്രം ലക്ഷ്യമാക്കി കൃഷി ചെയ്യുന്ന പാലക്കാട് കൊല്ലങ്കോട് മേഖലയിലെ മാമ്പഴവും വിപണിയിലെത്തിയതോടെയാണ് മലയാളിക്ക് ഇക്കുറി മാമ്പഴം മതിയായ അവസ്ഥ വന്നത്.

ഇപ്പോൾ കേരള വിപണിയിലുള്ള 80 ശതമാനം മാമ്പഴവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. മാമ്പഴങ്ങൾ നിറച്ച ഗുഡ്സ് ഓട്ടോകൾ ഇപ്പോൾ വീട്ടുപടിക്കൽ മാങ്ങ വിൽക്കുന്നത് നാട്ടിൻ പുറത്തെ സ്ഥിരം കാഴ്ചയാണ്.