കിലോയ്ക്ക് വില 60 രൂപ മുതല്‍, രൂപം മാറി വരുമ്പോള്‍ നല്‍കണം 500; അടുക്കളയില്‍ പ്രതിസന്ധി കൂടും 

Wednesday 09 July 2025 12:15 AM IST

കൊച്ചി: വെളിച്ചെണ്ണ വിലയിലെ അനിയന്ത്രിതമായ കുതിപ്പ് സംസ്ഥാനത്തെ നാളീകേര അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. വില പിടിച്ചുനിറുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മുമ്പൊരിക്കലും ഇല്ലാത്തവിധം വെളിച്ചെണ്ണ വില കുതിക്കുകയാണ്. ചില്ലറ വിപണിയില്‍ വില കിലോയ്ക്ക് 460 രൂപയ്ക്ക് മുകളിലാണ്. ഓണക്കാലത്ത് വില 500 രൂപ കടന്നേക്കും.

വെളിച്ചെണ്ണ ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. വില ഉയരുമ്പോള്‍ കടുക് എണ്ണയും പാം ഓയിലും മലയാളികളുടെ അടുക്കള കീഴടക്കാന്‍ സാദ്ധ്യതയേറെയാണ്. വെളിച്ചെണ്ണയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്രുമതിക്ക് നിയന്ത്രണം വേണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കയറ്റുമതി നിരോധനത്തിന് നാളികേര വികസന ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം. സംസ്ഥാനത്തെ തെങ്ങ് കൃഷിയേയും ഓയില്‍ മില്‍ വ്യവസായവും തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്.

ഔഷധമേഖലയിലും പ്രതിസന്ധി

ആയുര്‍വേദ ഔഷധ നിര്‍മ്മാണത്തിലും വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്. ഹെയര്‍ ഓയില്‍, ഷാംബു, ലേപനങ്ങള്‍, ക്രീമുകള്‍, സോപ്പ് എന്നിവയാണ് വെളിച്ചെണ്ണയില്‍ നിര്‍മ്മിക്കുന്നത്. വില കൂടുമ്പോള്‍ മായം ചേര്‍ക്കലും വര്‍ദ്ധിക്കും. ലിക്വിഡ് പാരഫിന്‍ ഓയിലിന്റെ സാന്നിദ്ധ്യം വെളിച്ചെണ്ണയിലും വെളിച്ചെണ്ണ ചേര്‍ത്തുള്ള ആയൂുര്‍വേദ തൈലങ്ങളിലും വര്‍ദ്ധിച്ചിട്ടുണ്ട്. ചില കമ്പനികള്‍ ഉത്പ്പന്നത്തിന്റെ പാക്കറ്റില്‍ തന്നെ പാരഫിന്‍ ഓയിലിന്റെ അളവ് രേഖപ്പെടുത്തുന്നുമുണ്ട്. ശിരോരോഗങ്ങള്‍ക്കും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പാരഫിന്‍ ഓയില്‍ ചേര്‍ത്ത തൈലം ദോഷമായി മാറും.

ഉത്പാദനം കുറഞ്ഞു

കേരളത്തിലും തമിഴ്‌നാട്ടിലും വിളവെടുപ്പ് സീസണ്‍ ആരംഭിച്ചിട്ടും വില കുറയുന്നില്ല. ഉത്പാദനം കുറഞ്ഞതും കയറ്റുമതി കൂടിയതുമാണ് പ്രധാന കാരണം. തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും നാളികേര ഉത്പാദനം ഗണ്യമായി കുറഞ്ഞു. മെച്ചപ്പെട്ട വിളവ് ലഭിച്ചിരുന്ന വടക്കന്‍ കേരളത്തില്‍ 30ശതമാനം വരെ ഉത്പാദന ഇടിവുണ്ട്.

ഇറക്കുമതി സാദ്ധ്യത കുറവ്

ഇന്ത്യക്ക് പുറമെ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലാണ് വെളിച്ചെണ്ണ ഉത്പാദനമുള്ളത്. ഇന്തോനേഷ്യ കയറ്റുമതി നിരോധിച്ചു. ആഭ്യന്തര ഉത്പാദനം കുറഞ്ഞതുകാരണം ശ്രീലങ്കയും ഫിലിപ്പൈന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഫിലിപ്പൈന്‍സിലും വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ലാഭകരമാകാനിടയില്ല.

വിലവിവരം

വെളിച്ചെണ്ണ കിലോ (കൊച്ചി) 460രൂപ

കൊപ്രാ കിലോ 265രൂപ (5ശതമാനം നികുതി പുറമേ).

പച്ചതേങ്ങ 60 -75 രൂപ

'' കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും കയറ്റുമതി നിരോധിക്കണം'' - തലത് മെഹമൂദ്, പ്രസിഡന്റ്, കേരള ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍