'ഥാർ' ഇടപാടിലും കബളിപ്പിക്കൽ: ഫ്ലാറ്റ് തട്ടിപ്പ് പ്രതിക്കെതിരെ കേസ്
കൊച്ചി: തൃക്കാക്കര വാടക ഫ്ലാറ്റ് തട്ടിപ്പ് കേസ് പ്രതികളായ മിന്റു കെ. മണിയും ആശയും ചേർന്ന് വാഹനം നൽകാമെന്ന് വിശ്വസിപ്പിച്ചും ആളുകളെ കബളിപ്പിച്ച് പണം കൈക്കലാക്കി. വാഹന തട്ടിപ്പിൽ മരട് പൊലീസ് ഇവർക്ക് എതിരെ ആദ്യകേസ് രജിസ്റ്റർ ചെയ്തു. പൊന്നുരുന്നി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. 12 ലക്ഷം വിലമുതിക്കുന്ന മഹീന്ദ്ര ഥാർ 10ലക്ഷം രൂപയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 10 ലക്ഷം നൽകിയെങ്കിലും ഥാർ കൈമാറാതെ കബളിപ്പിക്കുകയായിരുന്നു.
അടുത്തിടെയാണ് ഥാർ വിൽക്കാനുണ്ടെന്ന് ഇവർ ഒ.എൽ.എക്‌സിൽ പരസ്യം നൽകിയത്. ഇതുകണ്ടാണ് പൊന്നുരുന്നി സ്വദേശി ഇവരെ സമീപിക്കുന്നത്. ആദ്യം 9.7 ലക്ഷം രൂപ ബാങ്ക് വഴി കൈമാറി. പിന്നീട് മിന്റുവിന് നേരിട്ട് 3000 രൂപയും ആശയുടെ അക്കൗണ്ടിലേക്ക് 30000 രൂപയും നൽകി. എന്നാൽ വാഹനം കൈമാറാൻ ഇവർ തയ്യാറായില്ല. ലോൺ ഉണ്ടെന്നത് മറച്ചുവച്ചാണ് ഥാർ ഇടപാട് നടത്തിയത്. ഫ്ളാറ്റ് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് പരാതി നൽകാൻ പൊന്നുരുന്നി സ്വദേശി മുന്നോട്ടുവന്നത്.
അതേസമയം, ഫ്ലാറ്റ് തട്ടിപ്പിൽ വ്യാപക പരാതിയാണ് ഓരോ ദിവസം കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നത്. തൃക്കാക്കര, ഇൻഫോ പാർക്ക് സ്റ്റേഷനുകൾ കൂടാതെ പാലാരിവട്ടം, മരട്, എളമക്കര, കളമശേരി എന്നീ സ്റ്റേഷനുകളിലും കേസ് എടുത്തിട്ടുണ്ട്. 5 മുതൽ 12 ലക്ഷം വരെ തട്ടിയെന്നാണ് കേസുകളെല്ലാം. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ തൃക്കാക്കര വാഴക്കാല മലബാർ അപ്പാർട്ട്‌മെന്റിലെ താമസക്കാരനായ മിന്റു കെ. മണിയെ (39) മാത്രമാണ് ഇതുവരെ പിടികൂടാൻ കഴിഞ്ഞത്.തട്ടിപ്പിന്റെ മുഖ്യസൂത്രധാരയായ കാക്കനാട് സ്വദേശിനി ആശ (54) ഇപ്പോഴും ഒളിവിലാണ്.