കോഴിക്കോട്ട് ഹോർലിക്‌സ് കഴിച്ച കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ; പരിശോധിച്ചപ്പോൾ പുഴു

Wednesday 09 July 2025 10:28 AM IST

കോഴിക്കോട്: ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ഹോർലിക്‌സിൽ പുഴുവിനെ കണ്ടതായി പരാതി. കോഴിക്കോട് നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് സംഭവത്തിൽ പരാതി നൽകിയത്. കാലാവധി കഴിയാത്ത ഹോർലിക്‌സിലാണ് പുഴുവിനെ കണ്ടത്. നിയമപരമായ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.

ഈ മാസം മൂന്നിനാണ് നിധീഷ് താമരശേരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് ഹോർലിക്‌സ് വാങ്ങിയത്. ഇത് കഴിച്ച നിധിന്റെ രണ്ട് കുട്ടികൾക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഹോർലിക്‌സിൽ പുഴുവിനെ കണ്ടെത്തിയത്. ഇവർ വാങ്ങിയ ഹോർലിക്‌സിന് 2026 വരെ കാലാവധിയുണ്ട്. സൂപ്പർ മാർക്കറ്റിനെ സമീപിച്ചപ്പോൾ പരാതി നൽകാനാണ് അവർ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുമെന്ന് നിധീഷ് പറഞ്ഞു.