മന്ത്രിയുടെ വാക്കിന് സ്വന്തം നാട്ടിലും 'പുല്ലുവില'; പത്തനാപുരത്ത് ഒരു ബസും റോഡിലിറങ്ങിയില്ല, വിശ്വസിച്ചെത്തിയ ജനം വലഞ്ഞു

Wednesday 09 July 2025 10:42 AM IST

തിരുവനന്തപുരം: സ്വന്തം മണ്ഡലമായ പത്തനാപുരത്തുപോലും ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന്റെ വാക്കുകൾക്ക് പുല്ലുവില. കെഎസ്ആർടിസ് ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നായിരുന്നു മന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ അതിന് തൊട്ടുപിന്നാലെ തങ്ങൾ പണിമുടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ തന്നെ വ്യക്തമാക്കിയിരുന്നു.

മന്ത്രിയുടെ മണ്ഡലത്തിലെ സ്വന്തം ഡിപ്പോയായ പത്തനാപുരത്തുനിന്ന് ഇന്ന് ഒരുസർവീസ് പോലും നടത്താൻ കഴിഞ്ഞില്ല. രാവിലെ മൂന്നുബസുകൾ സർവീസ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും സമരാനുകൂലികൾ തടഞ്ഞു. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. പൊലീസും സ്ഥലത്തെത്തി സംഘർഷം ഒഴിവാക്കി. സംസ്ഥാനത്തെ ഒരുഡിപ്പോയിൽനിന്നും സർവീസുകൾ നടത്തിയില്ലെന്നാണ് റിപ്പോർട്ട്.

കൊല്ലത്ത് സർവീസ് നടത്താൻ തയ്യാറായി എത്തിയ കണ്ടക്ടറെ സമരാനുകൂലികൾ ബസിനുളളിൽ കടന്ന് അസഭ്യംപറഞ്ഞതായും മുഖത്തടിച്ചതായും പരാതിയുണ്ട്. പണിമുടക്കായിട്ടും സർവീസ് നടത്താനെത്തി എന്നുപറഞ്ഞായിരുന്നു മർദ്ദനം. കൊല്ലം ഡിപ്പോയിൽ സർവീസ് ആരംഭിക്കാൻ തയ്യാറായി നിന്ന് മൂന്നാർ, എറണാകുളം -അമൃത സർവീസ് സമാരാനുകൂലികൾ തടയുകയും കൊടി നാട്ടുകയും ചെയ്തു. കൊട്ടാരക്കര, മലപ്പുറം ഡിപ്പോകളിലും സമരക്കാർ ബസുകൾ തടഞ്ഞു.

തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ സർവീസുകൾ നടത്താതിരിക്കാനായി സമരാനുകൂലികൾ പുറത്തേക്കിറങ്ങാനുളള വഴിയിൽ ബസുകൾ കുറുകെ നിറുത്തിയിരുന്നു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ പല ഡിപ്പോകളിലും ജീവനക്കാർ എത്തിയിട്ടുണ്ട്. എന്നാൽ സർവീസ് നടത്തുന്നില്ലെന്ന് ഇവർ യാതക്കാരെ അറിയിക്കുന്നുണ്ട്. പൊലീസ് സംരക്ഷണയോടെ മാത്രമേ സർവീസ് നടത്താവൂ എന്നാണ് ഡിപ്പോകൾക്ക് അധികൃതർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം.

ബസുകൾ സർവീസ് നടത്താതെ വന്നതോടെ യാത്രക്കാർ ശരിക്കും ബുദ്ധിമുട്ടി. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർക്ക് പൊലീസ് വാഹനസൗകര്യം ഒരുക്കി നൽകിയിരുന്നു. ആർസിസിയിലേക്ക് ഉൾപ്പെടെയായിരുന്നു സർവീസ്. സ്വകാര്യ വാഹനങ്ങളും ചില ഓട്ടോകളും നിരത്തിലിറങ്ങുന്നുണ്ട്. നിരത്തിലിറങ്ങുന്ന ഓട്ടോകൾ അവസരം മുതലാക്കി യാത്രക്കാരെ പിഴിയുകയാണെന്ന് ആരോപണമുണ്ട്. സാധാരണ ദിവസം മുപ്പതുരൂപ നൽകേണ്ടിടത്ത് ഇന്ന് 150 രൂപവേണമെന്ന് ചില ഓട്ടോക്കാർ ആവശ്യപ്പെട്ടതായി യാത്രക്കാർ പറയുന്നു.

പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമാനമാണ്. തലസ്ഥാനത്ത് ഉൾപ്പെടെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ സമരാനുകൂലികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ടുണ്ട്.