തമിഴന്റെ മറ്റൊരു പുത്തൻ തട്ടിപ്പ്; മലയാളിയുടെ പോക്കറ്റിൽ നിന്ന് പോകുന്നത് പതിനായിരങ്ങൾ
കോട്ടയം: മഴക്കാലമായതോടെ ഗുണനിലവാരമില്ലാത്ത നടീൽ വസ്തുക്കൾ വിറ്റ് കർഷകരെ പറ്റിക്കുന്ന തട്ടിപ്പ് വ്യാപകമായി. രണ്ട് വർഷത്തിനുള്ളിൽ കായ്ക്കുന്ന തെങ്ങ്, പ്ലാവ് ,മാവ് ,ക്വിന്റൽ വാഴ തുടങ്ങിയ പരസ്യത്തോടെ വൻ തുക ഈടാക്കിയുള്ള കബളിപ്പിക്കലാണ് നടക്കുന്നത്. കുള്ളൻ തെങ്ങ്, ബഡ് ചെയ്ത പ്ലാവ് ,മാവ്, തുടങ്ങിയവക്ക് 250 മുതൽ 750 രൂപ വരെ വാങ്ങുന്നു. അഞ്ചു വർഷം കഴിഞ്ഞാലും വിളവ് ലഭിക്കില്ല.
ഗുണ നിലവാരക്കുറവ് കാരണം മുരടിച്ചു നശിക്കും. ഏജന്റുന്മാർ വഴി നടത്തുന്ന തട്ടിപ്പ് കണ്ടിട്ടും കൃഷി വകുപ്പ് അനങ്ങുന്നില്ല.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പു നടത്തുന്ന ഏജൻസികളും സജീവമാണ്. ഫേസ് ബുക്കിലും യൂട്യൂബിലും പെട്ടെന്ന് കായ്ക്കുമെന്നുള്ള ആകർഷകമായ പരസ്യം കണ്ട് വലിയ ഓർഡർ നൽകി പണമടക്കും ഒന്നുകിൽ കാശ് നഷ്ടപ്പെടും അല്ലെങ്കിൽ ഗുണനിലവാരമില്ലാത്ത തൈകൾ ലഭിക്കുമെന്നതാണ് പലരുടെയും അനുഭവം
വാഴവിത്ത് വിൽപ്പനയിൽ തമിഴ് നാടൻ തട്ടിപ്പ്
എട്ടുമാസത്തിനുള്ളിൽ നൂറ് കായെങ്കിലുമുള്ള ഏത്തക്കുല ലഭിക്കുമെന്ന് പരസ്യപ്പെടുത്തി 50 രൂപ വരെ ഈടാക്കി തമിഴ് നാട്ടിൽ നിന്ന് കരിക്കൻ ബാധിച്ചതും മുരടിച്ചതുമായ വാഴവിത്ത് ഇടനിലക്കാരായ ഏജന്റുമാർ വഴി വ്യാപകമായി കേരളത്തിലെത്തുന്നുണ്ട്. സ്വർണ മുഖി ,മാരിക്കുള്ളൻ , ക്വിന്റൽ വാഴ (100 കിലോ തൂക്കം വരുന്ന കുല ) തുടങ്ങിയ പരസ്യങ്ങളിലൂടെ കർഷകരെ ആകർഷിക്കും. വളംചെയ്തു വളർന്നു കഴിയുമ്പോഴാണ് കരിക്കനാണെന്നു മനസിലാകുക. രണ്ടോ മൂന്നോ പടലമാത്രമുള്ള പേട്ടു കുലയായിരിക്കും.ലഭിക്കുക. 500 വിത്തുവരെ വാങ്ങുന്ന കർഷകരുണ്ട്.തമിഴ്നാട്ടിലെ വാഴത്തോട്ടങ്ങളിൽ നിന്നു തള്ളുന്ന രണ്ടാം തരം വിത്തുകളാണ് ഇവ. ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിന്റേ പേരിൽ പരാതി കൊടുത്തിട്ടും കാര്യമില്ല. അന്വേഷിച്ചു തമിഴ്നാട്ടിൽ ചെന്നാലും സ്ഥാപനങ്ങൾ കണ്ടെത്താൻ കഴിയില്ല
മഴക്കാലത്ത് കൃഷി വകുപ്പ് രണ്ടു പാക്കറ്റ് പച്ചക്കറി വിത്തുമാത്രമാണ് നൽകുന്നത്. തമിഴ്നാട്ടിൽ നിന്നും മറ്റുമെത്തുന്ന ഗുണനിലവാരമില്ലാത്ത വിത്തുകൾ പരിശോധിച്ച് വിൽപ്പനക്കാർക്കെതിരെ നടപടിയെടുക്കാൻ ഒരു സംവിധാനവും കൃഷി വകുപ്പിനില്ലാത്തതിനാലാണ് കർഷകർ കബളിപ്പിക്കപ്പെടുന്നത്. .
എബി ഐപ്പ് കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി