തൃശൂരിൽ ഗ്യാസ് പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ആശുപത്രിയിൽ

Wednesday 09 July 2025 11:45 AM IST

തൃശൂർ: ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിൽ ഗ്യാസ് ചോർന്ന് വീട്ടിൽ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വെള്ളാങ്ങല്ലൂരിലെത്തിക്കും.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലെ ബന്ധുവീട്ടിൽ പിറന്നാൾ ആഷോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് വച്ചിരുന്നത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് അനുമാനം. രവീന്ദ്രൻ ഇപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നുരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.