ഭാഷാദ്ധ്യാപകർ നിവേദനം നൽകി

Wednesday 09 July 2025 5:00 PM IST

കൊച്ചി: കേരളത്തിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ മാതൃഭാഷയെ ഉപഭാഷയായി കണ്ട് പാർശ്വവത്കരിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാഷാദ്ധ്യാപകവേദി എറണാകുളം ജില്ലാ ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി. ക്ലാസുകളിൽ സ്പെഷ്യൽ റൂൾസിനു വിരുദ്ധമായി മാർജിനൽ ഇൻക്രീസ് നടപ്പിലാക്കി പത്തും പതിനഞ്ചും കുട്ടികളെ അധികമായി പ്രവേശിപ്പിക്കുന്നുണ്ട്. ഇവരെ തസ്തിക നിർണയത്തിനോ നിലനിറുത്തുന്നതിനോ കണക്കാക്കുന്നില്ല. ഇതരവിഷയങ്ങൾക്ക് തസ്തിക നിർണായത്തിന് 50 കുട്ടികൾ മതിയെന്നിരിക്കെ ഉപഭാഷയായ മലയാളത്തിന് 60 കുട്ടികൾ വേണമെന്നത് നീതി നിഷേധമാണ്. ഉപഭാഷയായി മാതൃഭാഷ തിരഞ്ഞെടുക്കാത്ത പൊതുവിദ്യാലയങ്ങൾ പോലും കേരളത്തിലുണ്ടെന്നും പരാതിയിൽ പറയുന്നു.