കേരളം കടന്ന് ഉല്ലാസ യാത്ര: പഴഞ്ചൻ വണ്ടികളിൽ

Thursday 10 July 2025 12:37 AM IST
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം

കോഴിക്കോട്: ഉല്ലാസയാത്രകൾ അതിർത്തി കടക്കാനൊരുങ്ങുമ്പോഴും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം യാത്രകൾ പഴഞ്ചൻ വണ്ടികളിൽ . 15 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ള വാഹനങ്ങളിലാണ് ദീർഘദൂര യാത്രകളടക്കം ഇപ്പോഴും സംഘടിപ്പിക്കുന്നത്. 5502 വാഹനങ്ങളാണ് കെ.എസ്.ആർ.ടിസിക്കുള്ളത്. ഇതിൽ 5035 എണ്ണം സർവീസ് നടത്തുന്നുണ്ടെങ്കിലും പലതും 15 വർഷത്തിന് മുകളിൽ പഴക്കമുള്ളതാണ്.

കേരളത്തിൽ മാത്രമായിരുന്ന ഉല്ലാസ യാത്രകൾ തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിലേക്ക് നീട്ടുകയാണ്.പക്ഷേ, വാഹനങ്ങളുടെ കാലപ്പഴക്കം മൂലം യാത്രകൾക്കിടയിൽ വാഹനങ്ങൾ കട്ടപ്പുറത്താകുന്നത് നിത്യ സംഭവം. വിനോദ-തീർത്ഥാടന യാത്രകൾക്ക് ഉപയോഗിക്കുന്ന ബസുകളുടെ പോരായ്മകളെപ്പറ്റി പല ഡിപ്പോകളിൽ നിന്നും പരാതികൾ ഉയർന്നെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.

യാത്ര പഴയ

വണ്ടിയിൽ മതി

2016 ന് ശേഷം വാങ്ങിയ 2006 ബസുകളിൽ 469 എണ്ണം സ്വിഫ്റ്റിന് കീഴിലാണ്. ടൂറിസം യാത്രകൾക്കായി പുതിയ ബസുകൾ വാങ്ങിയിട്ടില്ല.മുമ്പ്‌ ദീർഘദൂര സർവീസുകൾ നടത്തിയിരുന്ന സൂപ്പർ ഡീലക്സ് നോൺ എ.സി. ബസുകൾ മോടി പിടിപ്പിച്ചാണ് ഇറക്കുന്നത്. ഏക ദിന യാത്രകൾക്ക് പലപ്പോഴും ഓർഡിനറി ബസുകളാണ് ശരണം. മറ്റുള്ള യാത്രകൾക്ക് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ എക്സ്പ്രസ് ബസുകളും . ഇവയാവട്ടെ കാര്യമായ അറ്റകുറ്റപ്പണികളില്ലാത്തതിനാൽ യാത്രയ്ക്കിടെ പണി മുടക്കി യാത്രികരെ വലയ്ക്കുന്നു.

93 ഡിപ്പോകളിൽ

നിന്നും സർവീസ്

കേരളത്തിലെ 93 ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. 2021 മുതൽ കഴിഞ്ഞ,ഏപ്രിൽ വരെ 10.81 ലക്ഷം ആളുകൾ യാത്രകളുടെ ഭാഗമായി. ഇതിലൂടെ 72 കോടിയാണ് വരുമാനം.