രാജവെമ്പാലയുടെ യഥാർത്ഥ വലുപ്പം എത്രയാണെന്ന് അറിയാമോ? ഞെട്ടിക്കും ഈ വീഡിയോ

Wednesday 09 July 2025 5:59 PM IST

രാജവെമ്പാലയെ കൈയിൽപിടിച്ചു നിൽക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥൻ പർവീൺ കസ്വാനാണ് 11 സെക്കൻഡുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത്തരം വലിപ്പമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുമ്പോൾ പേടിക്കാതെ സംയമനം പാലിക്കണമെന്ന സന്ദേശമാണ് പർവീൺ കസ്വാൻ വീ‌ഡിയോയിലൂടെ നൽകുന്നത്.

ഒരു രാജവെമ്പാലയുടെ യഥാർത്ഥ വലുപ്പം എത്രയാണെന്ന് മനസിലാക്കുകയും അവയെ കണ്ടാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഉദ്യോഗസ്ഥൻ വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇത്തരം വന്യജീവികളെ കാണുമ്പോൾ സാധാരണ തോന്നുന്ന അമ്പരപ്പും ആവേശവും തന്നെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഉണ്ടായത്. പലരും തങ്ങൾ കണ്ട പാമ്പുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും നീളം കുടിയ വിഷപ്പാമ്പാണ് രാജവെമ്പാല.18 അടിവരെ നീളത്തിലാണ് ഇതിന്റെ വളർച്ച. ഇന്ത്യ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യയിലെ വനങ്ങളിൽ കാണപ്പെടുന്ന രാജവെമ്പാലകൾ ഇടതൂർന്ന സസ്യജാലങ്ങളും ധാരാളം ഇരകളുമുള്ള പ്രദേശങ്ങളിലാണ് വസിക്കുന്നത്. ഇന്ത്യയിൽ രാജവെമ്പാലകളെ പ്രധാനമായും പശ്ചിമഘട്ട ത്തിലും, അസം, മേഘാലയ, അരുണാചൽപ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് കാണപ്പെടുന്നത്.

അടുത്തിടെയാണ് തിരുവനന്തപുരത്തെ പേപ്പാറയ്ക്ക് സമീപമുള്ള അഞ്ചുമരുതുംമൂടിലെ അരുവിയിൽ നിന്ന് ഒരു വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഒരു വലിയ രാജവെമ്പാലയെ സമർത്ഥമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങളു‌ം ശ്രദ്ധനേടിയത്.