സ്വന്തമായി വീട് വാങ്ങാനുള്ള താത്പര്യം കുറയുന്നു, വില്‍പ്പന താഴേക്ക്; ആളുകള്‍ക്ക് പ്രിയം മറ്റൊരു രീതിയോട്
സ്വന്തമായി ഒരു വീട് എന്നത് സാമ്പത്തികമായി മാത്രമല്ല വൈകാരികമായി കൂടി കാണുന്നതാണ് പരമ്പരാഗത രീതി. വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവന്‍ ചെലവഴിക്കുന്നവരും ബാങ്കുകളില്‍ നിന്ന് ഭവന വായ്പയെടുക്കുന്നവരും ധാരാളമാണ്. എന്നാല്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആളുകള്‍ക്ക് സ്വന്തമായി വീട് വാങ്ങുന്നതിനുള്ള താത്പര്യം കുറയുന്നുവെന്നാണ്. മുംബയ് നഗരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വീട് വില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ - ജൂണ്‍ മാസങ്ങളില്‍ വിറ്റുപോയ വീടുകളുടെ കണക്കുമായി തട്ടിച്ച് നോക്കുമ്പോള്‍ 25 ശതമാനം ഇടിവാണ് സംഭവിച്ചിട്ടുള്ളത്. രാജ്യാന്തരതലത്തിലെ സംഘര്‍ഷ സാഹചര്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയാണ് വില്‍പ്പന കുറയുന്നതിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഇത് മാത്രമല്ല പ്രശ്‌നമെന്ന നിരീക്ഷണവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നു.
സമ്പാദ്യം മുഴുവന്‍ വീടിനായി ചെലവാക്കാനും, ജീവിതകാലം മുഴുവന്‍ ഇഎംഐ അടയ്ക്കാനും ആളുകള്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് മറ്റൊരു നിരീക്ഷണം. മുംബയ് പോലുള്ള നഗരങ്ങളില്‍ കേരളത്തിലെ നഗരങ്ങളില്‍ വരുന്നതിലും എത്രയോ മടങ്ങ് ആണ് ചെലവ്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ പശ്ചാത്തലത്തില്‍ ഇനി വില്‍പന കൂടുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം വാടകയ്ക്ക് കെട്ടിടം എടുക്കുന്നവരുടെ എണ്ണം വലിയ രീതിയിലാണ് മുംബയ് നഗരത്തില്‍ ഉയരുന്നത്.
മെട്രോ 3 തുറന്നതോടെ വാടക കെട്ടിടങ്ങള്‍ക്ക് വന്‍ നിരക്കാണ് ഈടാക്കുന്നത്. പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ഓഫീസ് മുറികള്‍ക്കും 20 ശതമാനം വരെ വാടകയിനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ തന്നെ 30 ശതമാനത്തിന് അടുത്താണ് വാടകയിനത്തിലെ വര്‍ദ്ധനവ്. മുംബയില്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഈ പ്രവണത മറ്റ് മെട്രോ നഗരങ്ങളിലേക്കും ക്രമേണ വ്യാപകമാകുമെന്നാണ് വിലയിരുത്തല്‍.