മാനാഞ്ചിറ - മലാപ്പറമ്പ് നാലുവരിപ്പാത ആറ് മാസത്തിനകം
കോഴിക്കോട് : നഗര വളർച്ചയുടെ സുപ്രധാന നാഴിക കല്ലാവുന്ന മാനാഞ്ചിറ- മലാപ്പറമ്പ് നാലുവരിപ്പാത നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ്. സി.എച്ച് ഫ്ലെെ ഓവറിന്റെ ഭാഗത്ത് റോഡ് ലെവലിംഗും മലാപ്പറമ്പ് ഭാഗത്ത് ഓട നിർമാണവും ആരംഭിച്ചു. ഇരുവശത്തും 8.5 മീറ്റർ വീതം വീതിയിലാണ് റോഡ്. നടുവിൽ രണ്ടു മീറ്റർ മീഡിയൻ നിർമിക്കും. ഇരുഭാഗത്തും രണ്ടു മീറ്റിൽ ഓവുചാലുകളും നടപ്പാതയും നിർമിക്കുന്നുണ്ട്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനുകീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല മലപ്പുറം ആസ്ഥാനമായ മിഡ് ലാന്റ് പ്രോജക്ടിസിനാണ്. നിർമാണ പ്രവൃത്തി നടക്കുന്നയിടങ്ങളിൽ എരഞ്ഞിപ്പാലം ഒഴികെ എല്ലായിടത്തും ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഇവിടം ഒഴിവാക്കിയാണ് നിർമാണം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 16 നാണ് റോഡ് നവീകരണം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 2026 ഫെബ്രുവരിയോടെ പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതിനു മുമ്പായി നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് പി.ഡബ്ല്യു.ഡി നിർദ്ദേശം.
മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെയുള്ള 8.4 കിലോമീറ്റർ റോഡ് നവീകരിക്കാനായിരുന്നു ആദ്യ തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ വന്നതോടെ മലാപ്പറമ്പ് വരെയുള്ള 5.32 കിലോമീറ്റർ റോഡിന്റെ നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
എരഞ്ഞിപ്പാലത്ത് മേൽപ്പാലം
റോഡ് നിർമ്മാണം പൂർത്തിയാക്കി 2026 ഫെബ്രുവരിയോടെ എരഞ്ഞിപ്പാലത്തെ മേൽപ്പാലത്തിന്റെ പ്രവൃത്തികൾ ആരംഭിക്കും. കോഴിക്കോട്- വയനാട് റോഡിൽ എരഞ്ഞിപ്പാലം പോസ്റ്റോഫീസ് മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് മേൽപ്പാലം നിർമ്മിച്ച് പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം മലാപ്പറമ്പ് ഭാഗത്ത് ഭൂമിയേറ്റെടുക്കാനെത്തിയ റവന്യൂ സംഘവും നാട്ടുകാരുമായി സംഘർഷമുണ്ടായെങ്കിലും പൊലീസ് സഹായത്തിൽ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കി.
79.9 കോടിയുടെ നിർമാണ പ്രവർത്തനം
24 മീറ്ററിൽ നാല് വരിപ്പാത
ദൂരം
5.32 കി.മീ
വീതി
24 മീറ്റർ
നിർമാണച്ചെലവ്
79.9 കോടി