ചെളിയിൽ നീന്തി പോഴിക്കാവ് കുന്ന് നിവാസികൾ

Thursday 10 July 2025 12:11 AM IST
ചേളന്നൂർ കണ്ണങ്കര പോഴിക്കാവ് റോഡ് ചെളി നിറഞ്ഞ നിലയിൽ

കോഴിക്കോട് : ദേശീയപാതയ്ക്കായി മണ്ണെടുത്ത കുന്നിൽ നിന്ന് ചെളിയും വെള്ളവും ഒലിച്ചിറങ്ങി ദുരിതത്തിലാണ് ചേളന്നൂർ പോഴിക്കാവ് കുന്ന് നിവാസികൾ. കണ്ണങ്കര - പോഴിക്കാവ് കുന്ന് റോഡിൽ ചെളിനിറഞ്ഞതോടെ കാൽനടയും വാഹന യാത്രയും ദുസ്സഹമായി. ഇരുചക്രവാഹനങ്ങൾ ചെളിയിൽ തെന്നുന്നത് പതിവാണ്. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച റോഡിലേക്കാണ് ചെളിയിറങ്ങി നാട്ടുകാർക്ക് പ്രയാസമാകുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി 2024 മേയ് മുതലാണ് ഇവിടെ കുന്നിടിച്ച് മണ്ണെടുക്കൽ തുടങ്ങിയത്. റോഡിലൂടെ 10 ടണ്ണിൽ കൂടുതൽ ഭാരം കയറ്റി വാഹനങ്ങൾ പോകരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും പാലിക്കാറില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നേരത്തെ പോഴിക്കാവ് കുന്നിൽ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞപ്പോൾ നാട്ടുകാരും പൊലീസും തമ്മിൽ വലിയ സംഘർഷമുണ്ടായിരുന്നു. ജിയോളജി വകുപ്പിന്റെ യാതൊരു നിർദ്ദേശവും പാലിക്കാതെയാണ് കുന്നിടിച്ച് മണ്ണെടുക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

'' പഞ്ചായത്തിന്റെ എതിർപ്പ് മറികടന്നാണ് പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുക്കുന്നത്. നവീകരിച്ച റോഡാണ് ചെളിക്കുളമായത്. റോഡ് നവീകരണം ഉടൻ ആരംഭിക്കും.

- ഗൗരി പുതിയോത്ത്, വെെസ് പ്രസിഡന്റ് ചേളന്നൂർ ഗ്രാമപഞ്ചായത്ത്