ചമ്പക്കുളം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നേടി ചെറുതന പുത്തൻചുണ്ടൻ
ആലപ്പുഴ: പമ്പയാറ്റിൽ ആവേശത്തിരയിളക്കം നടത്തിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി. ചെറുതന പുത്തൻചുണ്ടന് രാജപ്രമുഖൻ ട്രോഫി ലഭിച്ചു. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷന്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേസ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി.
വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ് ക്ലബ്ബിന്റെ അമ്പലക്കടവൻ ഒന്നാം സ്ഥാനവും നടുവിലേപ്പറമ്പിൽ കൾച്ചറൽ ഡെവലപ്‌മെന്റ് സെന്റർ ആൻഡ് സൊസൈറ്റി ക്ലബ്ബിന്റെ നവജ്യോതി രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ്ബിന്റെ പി ജി കരിപ്പുഴ ഒന്നാം സ്ഥാനവും കൊടുപ്പുന്ന ബോട്ട് ക്ലബ്ബിന്റെ ചിറമേൽ തോട്ടുകടവൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിയും തോമസ് കെ തോമസ് എംഎൽഎയും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങളും ട്രോഫിയും നൽകി.