പണിമുടക്കിൽ അക്രമം, ഭീഷണി, ജീവനക്കാരെ തടഞ്ഞു, ഓഫീസുകളടക്കം അടപ്പിച്ചു

Thursday 10 July 2025 5:52 AM IST

തിരുവനന്തപുരം: ചൊവ്വാഴ്ചത്തെ സ്വകാര്യ ബസ് പണിമുടക്കിന് പിന്നാലെ ഇന്നലെ പൊതുപണിമുടക്ക് കൂടിയായതോടെ സംസ്ഥാനത്ത് ജനം വലഞ്ഞു. ചിലയിടങ്ങളിൽ അക്രമ സംഭവങ്ങളുണ്ടായി. ജോലിക്കെത്തിയ ചില ജീവനക്കാർക്ക് മർദ്ദനമേറ്റു. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞു. തുറന്ന കടകളും സ്ഥാപനങ്ങളുമടക്കം അടപ്പിച്ചു. സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു.

കോഴിക്കോട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന ബസിന് നേരെ മൂവാറ്റുപുഴയിൽ കല്ലേറുണ്ടായി. ചില്ലുകൾ തകർന്നു. തമ്പാനൂർ ബസ് സ്റ്റേഷനിൽ യാത്രക്കാർ ഉപയോഗിക്കുന്ന ടോയ്ലെറ്റുകൾ സമരാനുകൂലികൾ പൂട്ടിയിട്ടു. കാട്ടാക്കടയിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു. അരുവിക്കര എൽ.പി ഹയർ സെക്കൻഡറി സ്കൂളുകളിലും കാട്ടാക്കട പ്ലാവൂർ സ്കൂളിലും അദ്ധ്യാപകരെ പണിമുടക്കിയവർ പൂട്ടിയിട്ടു. മലപ്പുറം മഞ്ചേരിയിൽ പൊലീസിനു നേരെ കൈയേറ്രമുണ്ടായി.

ചങ്ങനാശേരിയിൽ പോസ്റ്റ് ഓഫീസിൽ കയറി സമരാനുകൂലികൾ പോസ്റ്റുമാൻ കാവാലം സ്വദേശി വിഷ്ണു ചന്ദ്രനെ മർദ്ദിച്ചു. കോഴിക്കോട് മുക്കം അങ്ങാടിയിൽ മത്സ്യക്കട അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് സി.ഐ.ടി.യു പ്രവർത്തകർ ഭീഷണിപ്പെടുത്തി. കൊല്ലത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടർ ശ്രീകാന്തിനെ മർദ്ദിച്ചു. ആയൂരിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ നന്ദുവിനും മർദ്ദനമേറ്റു.

ഗുരുവായൂർ ക്ഷേത്രനടയിൽ തുറന്ന വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾ സമരാനുകൂലികൾ വലിച്ചെറിഞ്ഞു. തൃശൂർ പട്ടിക്കാട് - പീച്ചി റോഡിൽ തുറന്നു പ്രവർത്തിച്ച സൂപ്പർമാർക്കറ്റിലെ ജീവനക്കാരനെ മർദ്ദിച്ചു. ദൃശ്യം പകർത്താനെത്തിയ മാദ്ധ്യമസംഘത്തിന് നേരേയും കെെയേറ്റം ഉണ്ടായി.

ഹെൽമറ്റ് ധരിച്ച്

ബസ് ഓടിച്ചു

പത്തനംതിട്ട: പണിമുടക്കിൽ കല്ലേറു ഭയന്ന് ഹെൽമറ്റ് ധരിച്ച് ബസ് ഒാടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ. പത്തനംതിട്ട- കൊല്ലം വേണാട് ബസിലെ ഡ്രൈവർ കുമ്പളാംപൊയ്ക മുളമൂട്ടിൽ ഷിബു തോമസാണ് ശ്രദ്ധേയനായത്. യാത്രക്കാർ പകർത്തിയ ദൃശ്യം വൈറലായി. രാവിലെ 6.20ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ടപ്പോൾ സഹപ്രവർത്തകരുടെ ഉപദേശപ്രകാരമാണ് താത്കാലിക ഡ്രൈവറായ ഷിബു ഹൈൽമറ്റ് കരുതിയത്. ആനന്ദപ്പള്ളിയിൽ എത്തിയപ്പോൾ ധരിച്ചു. ഏഴുമണിയോടെ അടൂർ സ്റ്റാൻഡിലെത്തിയപ്പോൾ സി.ഐ.ടി.യു തൊഴിലാളികൾ ബസ് തടഞ്ഞതോടെ സർവീസ് അവിടെ അവസാനിപ്പിക്കേണ്ടി വന്നു. ഏഴ് യാത്രക്കാരുണ്ടായിരുന്നു.

ജീവനക്കാർക്ക് മർദ്ദനം

കുമളി: പീരുമേട്ടിലും കുമളിയിലും ജോലിക്കെത്തിയ രണ്ട് സർക്കാർ ജീവനക്കാരെ സമരാനുകൂലികൾ സംഘം ചേർന്ന് മർദ്ദിച്ചു. കുമളിയിൽ മുല്ലപ്പെരിയാർ ന്യൂ ഡാം ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ ഓഫീസിലെ ക്ല‌ർക്ക് അടിമാലി വടക്കേക്കര വിഷ്ണു രാധാകൃഷ്ണൻ, പീരുമേട് പോസ്റ്റ് മാസ്റ്ററും മനുഷ്യാവകാശ പ്രവർത്തകനുമായ ഗിന്നസ് മാടസ്വാമി എന്നിവർക്കാണ് മർദ്ദനമേറ്റത്.