നവഗ്രഹ പ്രതിഷ്ഠ 13ന്, ശബരിമല നട നാളെ തുറക്കും

Thursday 10 July 2025 6:00 AM IST

ശബരിമല: മാളികപ്പുറം ക്ഷേത്രത്തിനു സമീപം പുതുതായി നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. 13ന് രാവിലെ 11നും 12നും മദ്ധ്യേയുള്ള കന്നിരാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാകർമ്മം. നാളെ ശുദ്ധിക്രിയകൾ ആരംഭിക്കും. 12ന് പ്രത്യേക പൂജകൾ. 13ന് രാവിലെ ഗണപതി ഹോമം, ശയ്യയിൽ ഉഷഃപൂജ, മരപ്പാണി തുടങ്ങിയവയ്ക്ക് ശേഷമാണ് പ്രതിഷ്ഠാകർമ്മം. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണമെന്ന ദേവപ്രശ്ന വിധിയുടെ അടിസ്ഥാനത്തിലാണ് നവഗ്രഹ ക്ഷേത്രം നിർമ്മിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് മുൻകൈയെടുത്താണ് ദ്രുതഗതിയിൽ നിർമ്മാണം പൂർത്തിയാക്കിയത്. 13ന് രാത്രി 10ന് നടയടയ്ക്കും.

കർക്കടക മാസ പൂജകൾക്കായി 16ന് വൈകിട്ട് തുറന്ന് 21ന് രാത്രി 10ന് അടയ്ക്കും. നിറപുത്തരി ഉത്സവത്തിനായി 29ന് നടതുറക്കും. 30നാണ് നിറപുത്തരി. പ്രതിഷ്ഠാ ചടങ്ങുകളും മാസപൂജയും നിറപുത്തരിയും ഉൾപ്പെടെ ഈ മാസം 11 ദിവസം തീർത്ഥാടകർക്ക് ദർശനം സാദ്ധ്യമാകും. www.sabarimalaonline.org വെർച്വൽ ക്യൂ വഴി ബുക്കു ചെയ്തും പമ്പയിലെത്തി സ്‌പോട്ട് ബുക്കിംഗ് നടത്തിയും ദർശനം നടത്താം.

പരമ്പരാഗത പാത തുറക്കും

മിഥുനമാസ പൂജകൾക്കായി നടതുറന്നപ്പോൾ കനത്ത മഴയിൽ വഴുക്കലിനെ തുടർന്ന് അടച്ച പരമ്പരാഗത നീലിമല പാത 11 മുതൽ തുറന്നുനൽകും. പാതയിൽ തെന്നിവീണ് തീർത്ഥാടകർക്ക് പരിക്കേറ്റിരുന്നു. കരിങ്കല്ല് പാകിയ നിലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം വരെയുള്ള ഭാഗത്തെ മിനുസമുള്ള കല്ലുകൾ കൊത്തി പരുക്കനാക്കി.