പൊതു പണിമുടക്ക്........... സംസ്ഥാനത്തിന് നഷ്ടം 2,298 കോടി

Thursday 10 July 2025 6:16 AM IST

തിരുവനന്തപുരം: ഒരു ദിവസത്തെ പൊതുപണിമുടക്കിൽ സംസ്ഥാനത്തിനുണ്ടായത് 2,298.24 കോടിയുടെ ഉത്പാദന നഷ്ടം. ഫാക്ടറികളും വാണിജ്യ, വ്യാപാര ശാലകളടക്കം പ്രവർത്തിക്കാത്തതും ലോട്ടറി, മദ്യക്കച്ചവടം ഉൾപ്പെടെ മുടങ്ങിയതുമാണ് കാരണം. ഗതാഗതമേഖല തടസപ്പെട്ടതും ബാങ്ക് ഇടപാടുകൾ മുടങ്ങിയതും ടൂറിസം മേഖല സ്തംഭിച്ചതും കാരണമായി.

സംസ്ഥാനത്തിന്റെ ഒരു ദിവസത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 3,591 കോടിയാണ്. ഇതിൽ കാർഷിക, ഐ.ടി, ആരോഗ്യ സേവന മേഖലകളിൽ കാര്യമായ പ്രവർത്തന നഷ്ടം പണിമുടക്കു മൂലമുണ്ടായിട്ടില്ല. വാണിജ്യ, വ്യാപാര, വ്യവസായിക ഉത്പാദന മേഖലയിലെ നഷ്ടമാണ് പ്രധാനം.

ഒരു മാസത്തെ ചെലവിനായി സംസ്ഥാനത്തിന് വായ്പയെടുക്കേണ്ടി വരുന്നത് 2000 കോടിയോളം രൂപയാണ്. അതിന് തുല്യമായ ഉത്പാദന നഷ്ടമാണ് ഇന്നലെ പണിമുടക്കു മൂലം സംസ്ഥാനത്തിനുണ്ടായത്.

വരുമാന നഷ്ടം

(തുക കോടിയിൽ)

കെ.എസ്.ആർ.ടി.സി................... 6

ലോട്ടറി............................................30.2

മദ്യവിൽപ്പന...................................52

നികുതി വരുമാനം........................173.6

ലോട്ടറി,വസ്തു രജിസ്ട്രേഷൻ തുടങ്ങിയ മേഖലയിൽ മുടങ്ങി ഇടപാടുകളും വ്യാപാരവും പിറ്റേന്ന്നടക്കുമെങ്കിലും മറ്റ്മേഖലികളിലെ ഉൽപാദന നഷ്ടം എന്നന്നേക്കുമായുള്ള നഷ്ടമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.മുൻവർഷങ്ങളിൽ പൊതുപണിമുടക്കുണ്ടായപ്പോഴും നഷ്ടമായ കച്ചവടം പിന്നീട് വീണ്ടെടുക്കാനായിട്ടില്ല. ശക്തമായ പണിമുടക്ക് സാഹചര്യം സംസ്ഥാനത്തിന്റെ നിക്ഷേപാനുകൂല സാഹചര്യത്തേയും ടൂറിസം പ്രമോഷൻ നടപടികളേയും ബ്രാൻഡ് പ്രമോഷനേയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യവസായ മേഖലയിലുള്ളവർ ആശങ്ക അറിയിച്ചു.