ദേശീയ പണിമുടക്ക് : കേരളം നിശ്ചലം

Thursday 10 July 2025 12:24 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നടത്തിയ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. ഹർത്താൽ പ്രതീതിയായിരുന്നു എങ്ങും. ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ഹാജർനില തീരെ കുറവായിരുന്നു. ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും കുറവായിരുന്നു.

ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറി. സർവീസ് നടത്താൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ബസുകളെ തടഞ്ഞു. ചിലയിടത്ത് കല്ലേറുണ്ടായി. സർക്കാർ ഓഫീസുകളിലടക്കം ജോലിക്കെത്തിയ ജീവനക്കാരെ ബലം പ്രയോഗിച്ച് പുറത്തിറക്കി. ഓഫീസുകൾ അടപ്പിച്ചു. ചില ജീവനക്കാർക്ക് മർദ്ദനമേറ്റു. സെക്രട്ടേറിയറ്റിൽ ആകെയുള്ള 4,271 ജീവനക്കാരിൽ 600പേർ മാത്രമാണ് ജോലിക്കെത്തിയത്. റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലും വന്നിറങ്ങിയവർ വാഹനം കിട്ടാതെ വലഞ്ഞു.