സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് പുരസ്‌കാരം കാസർകോട് ജില്ലാ പഞ്ചായത്തിന്

Thursday 10 July 2025 12:11 AM IST
ജൈവ വൈവിദ്ധ്യ ബോർഡ് പുരസ്‌കാരം കാസർകോട് ജില്ലാ പഞ്ചായത്തിന്

കാസർകോട്: കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ 2023 വർഷത്തെ ഏറ്റവും മികച്ച ബി.എം.സിക്കുള്ള പുരസ്‌കാരത്തിന് കാസർകോട് ജില്ലാ പഞ്ചായത്ത്‌ ബി.എം.സി അർഹമായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ജൈവവൈവിദ്ധ്യ സംരക്ഷണത്തിൽ, രാജ്യത്ത് തന്നെ മാതൃകയായ വേറിട്ടതും ശ്രദ്ധേയവുമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. ജില്ലയിലെ മുഴുവൻ ബി.എം.സികളെയും ശാക്തീകരിക്കുന്നതിനായ് എല്ലാ വർഷവും ജില്ലാപഞ്ചായത്ത് ബി.എംസിയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടികൾ നടത്തിവരുന്നു. 2023ൽ രാജ്യത്ത് ആദ്യമായ് സ്വന്തമായി ജില്ലാ സ്പീഷീസുകളെ പ്രഖ്യാപിച്ച ആദ്യത്തെ ജില്ലയായി കാസർകോട് മാറിയിരുന്നു. തുടർന്ന് ജില്ലാ സ്പീഷീസുകളുടെ സംരക്ഷണ പ്രവർത്തനങ്ങളും നടന്നുവരുന്നു.

കൂടാതെ ജില്ലയിലെ കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് ഊന്നൽ നൽകി ആ മേഖലയിലെ ചില സ്പീഷീസുകളെ കൂടി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2023 മുതൽ ജില്ലാതലത്തിൽ ആദ്യമായി ജൈവവൈവിദ്ധ്യ അവാർഡ് നൽകുന്ന ജില്ലാപഞ്ചായത്ത് ബി.എം.സി എന്ന ഖ്യാതി കൂടി നേടിയിരുന്നു.

സ്റ്റുഡന്റ്സ് പൊലീസ്‌ കേഡറ്റിന്റെ സഹകരണത്തോടെ ജില്ലാപഞ്ചായത്ത് സ്കൂളുകളിൽ ഫലവൃക്ഷ തോട്ടങ്ങൾ തയ്യാറാക്കുന്നതിലേക്ക് നടപ്പിലാക്കിയ മധുരവനം പദ്ധതിയും ശ്രദ്ദേയമായി. ജൈവ വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ജില്ലയിലെ ചെങ്കൽ കുന്നുകളുടെ ശോഷണം നാൾക്കുനാൾ കൂടി വരുന്ന സാഹചര്യത്തിൽ ലാറ്ററെറ്റ് റിസർവ് ആയ ചെങ്കൽ കുന്നിനെ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലാപഞ്ചായത്ത് ബി.എം.സിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. പരിസ്ഥിതി പുനഃസ്ഥാപനത്തിൽ ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത വിവിധ പ്രൊജക്ടുകൾ ഈ നേട്ടത്തിന് അനുപൂരകമായി.