ഞാൻ ക്ഷണിച്ചിട്ടല്ല ജ്യോതി വന്നത്: വി. മുരളീധരൻ

Thursday 10 July 2025 12:00 AM IST

ന്യൂഡൽഹി: താൻ ക്ഷണിച്ചിട്ടല്ല വിവാദ ബ്ലോഗർ ജ്യോതി മൽഹോത്ര വന്ദേഭാരതിൽ യാത്ര ചെയ്‌തതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരാണ് ക്ഷണിച്ചതെന്നോ പാസ് നൽകിയതെന്നോ അറിയില്ല. അന്ന് നിരവധി പേർ വന്ദേഭാരതിൽ ഉണ്ടായിരുന്നു. പലരും തന്റെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും പ്രതികരണം എടുത്തിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവ‌ൃത്തി ചെയ്യുന്നവരെ ക്ഷണിച്ചുകൊണ്ടുവന്ന് പ്രൊമോഷൻ നടത്തിയത് കേരള ടൂറിസമാണ്. അവരാണ് മറുപടി പറയേണ്ടത്. ജ്യോതിയെ കൊണ്ടുവന്ന പി.ആർ ഏജൻസിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. ആ ഏജൻസിയെ കരിമ്പട്ടികയിൽപ്പെടുത്തണം. വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും ഒളിച്ചോടാനും വന്ദേഭാരത് യാത്രയെ സർക്കാർ ഉപയോഗിക്കുകയാണ്. ടൂറിസം മന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ അദ്ഭുതമില്ല. രാജ്യദ്രോഹ വിഷയങ്ങളിൽ കോൺഗ്രസ് സമീപനം ജനങ്ങൾ കാണുന്നതാണെന്നും വി. മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.