പണിമുടക്ക് ആഘോഷമാക്കി  പള്ളിക്കരയും പെരിങ്ങാലയും

Thursday 10 July 2025 12:29 AM IST

കിഴക്കമ്പലം: പണിമുടക്കുകൾക്ക് വർഷങ്ങളായി അവരുടേതായ ശൈലിയിൽ പ്രതികരിക്കുന്നവരാണ് കിഴക്കമ്പലം പഞ്ചായത്തിലെ പള്ളിക്കരയും പെരിങ്ങാലയും. ഹർത്താലിനെയും പൊതുപണിമുടക്കിനെയും വരവേൽക്കാൻ തുടങ്ങിയത് പെരിങ്ങാലക്കാർക്ക് നാല് പതിറ്റാണ്ട് പിന്നിട്ട ആഘോഷമാണ്, പള്ളിക്കരക്കാർക്ക് ഇത് എട്ട് വർഷത്തെ പതിവും.

ഇവരുടെ ആഘോഷം കട അടയ്ക്കാനല്ല, തുറക്കാനാണ്. ഇന്നലത്തെ പണിമുടക്കിലും ഇവിടം സജീവമായിരുന്നു. ഒരു കടപോലും അടച്ചില്ല, അടപ്പിക്കാനായി ആരും എത്തിയില്ല. സമീപ പ്രദേശങ്ങളിൽ എല്ലാം പണിമുടക്കിന് അനുകൂലമായ പ്രതഷേധ പ്രകടനങ്ങൾ വീഥികൾ അടക്കിവാഴുമ്പോൾ, ഇവിടുത്തെ കച്ചവടക്കാർ വില്പനയുടെ തിരക്കിലായിരുന്നു. പെരിങ്ങാല മുതൽ പള്ളിക്കര അച്ചപ്പൻ നായർ കവല വരെയാണ് കടകൾ പതിവു തെറ്റിക്കാതെ തുറന്നത്.

 ഹർത്താലിൽ ഓഫർ

ഹർത്താൽ ദിവസം പെരിങ്ങാലയിലെ ഹോട്ടലുകളിൽ ഭക്ഷണപ്രിയർക്കായി ആകർഷകമായ ഓഫറുകളും നൽകാറുണ്ട്. ഓൺലൈൻ ഡെലിവറിക്കായി പ്രത്യേക കരുതലും അന്നുണ്ടാകും. തൊട്ടടുത്തുള്ള ഇൻഫോപാർക്കിലെ ടെക്കികളടക്കം കാക്കനാട് നിന്നും നിരവധപേർ ഇവിടെയെത്താറുമുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല.

 തുറക്കാനുള്ള പ്രൊട്ടക്ഷൻ ഉത്തരവുണ്ട്

2017 മുതൽ പള്ളിക്കരയിലെ വ്യാപാരികൾ കടയടപ്പിനെതിരെ രംഗത്തുണ്ടായിരുന്നെങ്കിലും, 2020ലെ ദേശീയ പണിമുടക്കിൽ കടകൾ അടപ്പിക്കാനെത്തിയവരുമായി ഉണ്ടായ സംഘർഷത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.ജി. ബാബുവടക്കം നിരവധി പേർക്ക് മർദ്ദനമേറ്റു. അതോടെ മേഖലയിലെ 147 വ്യാപാരികൾ ഹൈക്കോടതിയിൽ നിന്ന് പണിമുടക്കുകൾക്ക് കട തുറക്കാനുള്ള പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങി. പിന്നീട് നടന്ന ഒരു കടയടപ്പ് സമരവും ഇവിടെ ഉണ്ടായിട്ടില്ല.

 ബ്രഹ്മപുരം അവസാനത്തേത്

ബ്രഹ്മപുരം മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാദേശിക ഹർത്താലിലാണ് അവസാനമായി പെരിങ്ങാലക്കാർ പത്ത് വർഷം മുമ്പ് പങ്കെടുത്തത്. അതിന് മുമ്പും പിമ്പും ഒരിക്കൽ പോലും ഇവർ കടകൾ അടച്ചിട്ടില്ല. പതിനഞ്ച് വർഷം മുമ്പ് പെട്ടെന്നുണ്ടായ ഒരു ഹർത്താലിൽ കടകൾ അടപ്പിക്കാൻ എൽ.ഡി.എഫിലെ ചിലർ ശ്രമം നടത്തിയെങ്കിലും കൂട്ടായ ഇടപെടലിൽ അവർക്ക് തിരിച്ചു പോകേണ്ടി വന്നു.

ഹർത്താൽ അനുകൂലികൾ ഇതുവരെ കടകൾ കയറി ക്യാമ്പയിനുകൾ പോലും നടത്തിയ ഓർമ്മയില്ല

സക്കറിയ

പെരിങ്ങാല സ്വദേശി