ജാനകി: പേര് മാറ്റിയില്ലെങ്കിൽ സംഘർഷ സാദ്ധ്യതയെന്ന് സെൻസർ ബോർഡ്

Thursday 10 July 2025 12:00 AM IST

കൊച്ചി: ജെ.എസ്.കെ - ജാനകി v/s സ്റ്റേറ്റ് ഒഫ് കേരള എന്ന സിനിമയിൽ അതിജീവിതയായ നായികയ്ക്ക് ജാനകി എന്ന പേര് നൽകിയത് മതവികാരം വ്രണപ്പെടുത്തുമെന്ന് സെൻസർ ബോർഡ്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണമുള്ളത്.

സീതാദേവിയുടെ പേര് നൽകിയിരിക്കുന്ന കഥാപാത്രത്തോട് സിനിമയിലെ ക്രോസ് വിസ്താര സീനുകളിൽ പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അശ്ലീല സിനിമകൾ കാണാറുണ്ടോ, ആൺ സുഹൃത്തുണ്ടോ, ലഹരി മരുന്നുകൾ ഉപയോഗിക്കാറുണ്ടോ എന്നിങ്ങനെയാണ് ചോദ്യങ്ങൾ. ഇതൊക്കെ പൊതുസമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും.

ജാനകി എന്ന കഥാപാത്രത്തെ സഹായിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാളാണ്. ക്രോസ് വിസ്താരം ചെയ്യുന്നത് മറ്റൊരു മതത്തിൽ ഉൾപ്പെട്ടയാളും. ഹിന്ദിയടക്കം അഞ്ച് ഭാഷകളിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. പേര് മാറ്റിയില്ലെങ്കിൽ ക്രമസമാധാനത്തിന് വലിയ ഭീഷണിയാണ്. സാമുദായിക സംഘർഷത്തിന് ഇടയായേക്കും.

ജാനകിയെ വെറും സാധാരണ പേരായി കണക്കിലെടുക്കാനാകില്ല. സീതാ ദേവിയുടെ പേരിനോട് ചേർന്ന് നിൽക്കുന്നതാണത്. അത്തരത്തിൽ പേര് ഉപയോഗിക്കുന്നതിനെ സിനിമറ്റോഗ്രാഫ് ആക്ട് വിലക്കുന്നുണ്ട്. മുമ്പിറങ്ങിയ ചില സിനിമയിൽ ജാനകി എന്ന പേര് ഉപയോഗിച്ചത് പോലെയല്ല ഈ സിനിമ. ജാനകി ജാനെ അടക്കമുള്ള സിനിമകളാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. സെക്സി ദുർഗ്ഗ എന്ന സിനിമാപ്പേര് എസ്. ദുർഗ്ഗ എന്നാക്കിയിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു. സെൻസർ ബോർഡ് സി.ഇ.ഒ രാജേന്ദ്ര സിംഗാണ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്.