സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് ലൈസൻസ്
ന്യൂഡൽഹി: ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാനുള്ള ലൈസൻസ് അനുവദിച്ചു. ഇന്ത്യൻ നാഷണൽ സ്‌പേസ് ഓതറൈസേഷൻ ആന്റ് പ്രൊമോഷൻ സെന്ററാണ് (ഇൻസ്‌പേസ്) അനുമതി നൽകിയത്. അഞ്ചുവർഷത്തേക്കാണ് ലൈസൻസ്. സർക്കാർ സ്‌പെക്‌ട്രം അനുവദിക്കുകയും സ്റ്റാർലിങ്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്‌താൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാകും.
2022ൽ തുടങ്ങിയ ശ്രമത്തിനൊടുവിലാണ് സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള ഉപകരണങ്ങൾ തങ്ങളുടെ സ്റ്റോറുകളിൽ വിൽക്കാൻ എയർടെല്ലും ജിയോയും സ്റ്റാർലിങ്കുമായി ധാരണയുണ്ടാക്കി.
പ്രതിമാസം 3,000-4,200 രൂപ നിരക്കിൽ 25-220 എം.ബി.പി.എസ് വേഗതയിലുള്ള ഇന്റർനെറ്റ് പാക്കേജ് ആണ് സ്റ്റാർലിങ്ക് അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്. വിദൂര ഗ്രാമങ്ങളിലടക്കം ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാകും. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനികളുടെ വരുമാനത്തിന്റെ നാലു ശതമാനം സർക്കാരിന് ഫീസായി നൽകണമെന്ന് ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂട്ടെൽസാറ്റ് വൺവെബ്, റിലയൻസ് ജിയോ-എസ്.ഇ.എസ് സംയുക്ത സംരംഭം, ഗ്ലോബൽസ്റ്റാർ എന്നിവയും ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിനായി രംഗത്തുണ്ട്.