കുടിവെള്ളമില്ലാതെ 3,885 അങ്കണവാടികൾ

Thursday 10 July 2025 12:00 AM IST

ആലപ്പുഴ: സ്വന്തമായി കുടിവെള്ള സൗകര്യമില്ലാതെ സംസ്ഥാനത്തുള്ളത് 3,885 അങ്കണവാടികൾ. കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യാനും കുടിക്കാനും പ്രാഥമികാവശ്യത്തിനും സമീപത്തെ കിണറുകളാണ് ആശ്രയം. അല്ലെങ്കിൽ വിലയ്ക്കു വാങ്ങണം. പാചകത്തിനടക്കം ഒരു ദിവസം വേണ്ടത് ശരാശരി 70- 100 ലിറ്റർ വെള്ളം.

സംസ്ഥാനത്തുള്ളത് 33,115 അങ്കണവാടികൾ. ഇവയിലധികവും ഒറ്റമുറി വാടകക്കെട്ടിടങ്ങളിലടക്കമാണ് പ്രവർത്തിക്കുന്നത്. ഈ പരിമിതിക്ക് പുറമേയാണ് സ്വന്തമായി കുടിവെള്ള സൗകര്യവുമില്ലാത്തത്. മലപ്പുറത്താണ് കുടിവെള്ള സൗകര്യമില്ലാത്ത അങ്കണവാടികൾ ഏറെ- 842. കോഴിക്കോട് (575), ഇടുക്കി (512) ജില്ലകളാണ് തുടർസ്ഥാനങ്ങളിൽ.

പരാതി വ്യാപകമായതോടെ പൈപ്പ് കണക്ഷൻ നൽകുന്നതിനുള്ള നടപടിക്ക് നീക്കം തുടങ്ങി. വാട്ടർ അതോറിട്ടി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ഇതിനായി അടിയന്തര നടപടിയെടുക്കാൻ വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. തുടർന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ, ഇത്തരം അങ്കണവാടികളുടെ പട്ടിക തയ്യാറാക്കി വാട്ടർ അതോറിട്ടി അസി. എൻജിനിയർമാർക്ക് അപേക്ഷ നൽകാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

കുടിവെള്ള സൗകര്യമില്ലാത്ത

അങ്കണവാടികൾ

തിരുവനന്തപുരം..................153

കൊല്ലം....................................160

പത്തനംതിട്ട...........................139

ആലപ്പുഴ.................................149

കോട്ടയം..................................293

ഇടുക്കി................................... 512

എറണാകുളം...........................53

തൃശൂർ....................................120

പാലക്കാട്...............................147

മലപ്പുറം...................................842

വയനാട്..................................136

കോഴിക്കോട്..........................575

കണ്ണൂർ....................................344

കാസർകോ‌ട്.........................262

''പൈപ്പ് കണക്ഷനില്ലാത്ത അങ്കണവാടികളുടെ പട്ടിക വാട്ടർ അതോറിട്ടിക്കും തദ്ദേശ വകുപ്പ് ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്. ഇവയുടെ സഹകരണത്തോടെ കുടിവെള്ളം ഉറപ്പാക്കാൻ ഉടൻ നടപടി സ്വീകരിക്കും

-വനിതാ ശിശു

വികസന ഡയറക്ടറേറ്റ്