പുതിയ തീരുവ: മ​രു​ന്നി​ന് 200​%,​ ​ചെ​മ്പി​ന് 50% ഇ​ന്ത്യ​യ്ക്ക് ​തി​രി​ച്ച​ടി

Thursday 10 July 2025 2:45 AM IST

കൊച്ചി: തീരുവ യുദ്ധം അവസാനിപ്പിക്കില്ലെന്ന കടുംപിടിത്തവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത്തവണ ഇറക്കുമതി ചെയ്യുന്ന മരുന്നിന് 200 ശതമാനവും ചെമ്പിന് 50 ശതമാനവുമാണ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. സെമികണ്ടക്ടേഴ്സിനും താമസിയാതെ തീരുവ വർദ്ധിപ്പിക്കും. ഡീഡോളറൈസേഷൻ ഉൾപ്പെടെ അമേരിക്കൻ- വിരുദ്ധ നിലപാടെടുത്താൽ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് രാഷ്ട്രങ്ങൾക്ക് 10 ശതമാനം അധികം തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തുന്നു. അമേരിക്കയുമായി ഏർപ്പെടാൻ പോകുന്ന വ്യാപാരക്കരാറിൽ രാജ്യം പ്രതീക്ഷ അർപ്പിച്ചിരിക്കുമ്പോഴാണ് ട്രംപിന്റെ പുതിയ നീക്കം.

മരുന്നുകമ്പനികൾ അമേരിക്കയിൽ ഉത്പാദനം ആരംഭിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഒരു വർഷം കൊണ്ടാകും ഫാർമസ്യൂട്ടിക്കൽസിന്റെ തീരുവ വർദ്ധിപ്പിക്കുക. മറ്റുള്ളവയുടെ തീരുവ വർദ്ധന ആഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരും.

980 കോടി ഡോളറിന്റെ

മരുന്ന് കയറ്റുമതി

ഇന്ത്യയുടെ കയറ്റുമതി ഉത്പന്നങ്ങളിൽ പ്രധാനമാണ് മരുന്നുകൾ. സുപ്രധാന വിപണിയാണ് അമേരിക്ക. ഇന്ത്യ ഉത്പാദിപ്പിക്കുന്ന മരുന്നിൽ 40 ശതമാനവും കയറ്റി അയക്കുന്നത് അമേരിക്കയിലേക്കാണ്. 2024-25ൽ 980 കോടി ഡോളറിന്റെ മരുന്നാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 20 ശതമാനം അധികം. 810 കോടി ഡോളറിന്റെ മരുന്നാണ് 2023-24 സാമ്പത്തിക വർഷം ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്.

അതേസമയം, 2024-25 സാമ്പത്തിക വർഷത്തിൽ ആകെ 200 കോടി ഡോളറിന്റെ ചെമ്പാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതിൽ 36കോടി ഡോളറിന്റെ ചെമ്പാണ് അമേരിക്കയിലേക്ക് അയച്ചത്, 17 ശതമാനം. രാജ്യം ചെമ്പ് കയറ്റി അയക്കുന്നതിൽ മൂന്നാം സ്ഥാനത്താണ് അമേരിക്ക. ഒന്നാമത് സൗദി അറേബ്യയും രണ്ടാമത് ചൈനയുമാണ്.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയ്ക്ക് പുറമെ സഖ്യരാജ്യങ്ങളായ ഇന്തോനേഷ്യ, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നിവ കൂടി ചേരുന്നതാണ് ബ്രിക്സ് രാഷ്ട്രങ്ങൾ.