ഓൺലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
പത്തനംതിട്ട : ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തും, കൂടുതൽ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചും 13,44,590രൂപ കബളിപ്പിച്ചെടുത്ത കേസിൽ ഒരു പ്രതിയെ ജില്ലാ സൈബർ ക്രൈം പൊലീസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ പുലമ്മാന്തോൾ ചെമ്മലശ്ശേരി പോസ്റ്റിൽ പാറക്കടവ് കണക്കാഞ്ചേരി ഹൗസിൽ കെ.മുഹമ്മദ് ഫവാസ് (24)ആണ് അറസ്റ്റിലായത്. മല്ലപ്പള്ളി എഴുമറ്റൂർ സ്വദേശിയായ 27കാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2023 ഒക്ടോബറിൽ വാട്സാപ്പ് നമ്പരിൽ ബന്ധപ്പെട്ടാണ് യുവാവിനോട് ഓൺലൈൻ പാർട് ടൈം ജോലിക്ക് പണം നിക്ഷേപിക്കാൻ പ്രേരിപ്പിപ്പിച്ചത്. യുവാവിന്റെ പേരിലുള്ള ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് യു.പി.ഐ കൈമാറ്റത്തിലൂടെ പ്രതികളുടെ നാല് യു.പി.ഐ ഐ.ഡികളിലേക്കും, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക് , ഐ.സി.ഐ.സി.ഐ ബാങ്ക്, എന്നിവയുടെ വിവിധ അക്കൗണ്ടുകളിലേക്കും പലപ്രാവശ്യമായാണ് പണം വാങ്ങിയത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റ് പ്രതികൾക്കായും അന്വേഷണം ഊർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സൈബർ പൊലീസ് എസ്.എച്ച്.ഓ ബി.കെ.സുനിൽ കൃഷ്ണൻ, എ.എസ്.ഐ കെ.ബി.ഹരീഷ് കുമാർ, എസ്.സി.പി.ഓ ജെ.രാജേഷ്, എ.അനിലേഷ്, സി.പി.ഓമാരായ ടി.അനു, മനു മോഹനൻ എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.