പണിമുടക്ക് പൂർണം
പത്തനംതിട്ട : ജില്ലയിൽ പൊതുപണിമുടക്ക് പൂർണം. ഐ. എൻ.ടി.യു.സിയും സി. ഐ. ടി.യു നേതൃത്വത്തിൽ ഇടതു ട്രേഡ് യൂണിയനുകളും വെവ്വേറെയാണ് പണിമുടക്ക് നടത്തിയത്. വിവിധയിടങ്ങളിൽ ഇടതു ട്രേഡ് യൂണിയനുകളും ഐ.എൻ.ടി.യു.സിയും പ്രത്യേകം സമരപ്പന്തൽ കെട്ടി യോഗങ്ങൾ സംഘടിപ്പിച്ചു.
കളക്ടറേറ്റ് അടക്കം സർക്കാർ ഒാഫീസുകൾ പ്രവർത്തിച്ചില്ല. കളക്ടറേറ്റിൽ 127 ജീവനക്കാരിൽ ഏഴ് പേർ മാത്രമാണ് ജോലിക്ക് ഹാജരായത്. താലൂക്ക് ആസ്ഥാനങ്ങളിലും ഭൂരിഭാഗം ആളുകളും പണിമുടക്കി. കെ. എസ്.ആർ.ടി.സിയിൽ സമരം ചെയ്യാത്ത തൊഴിലാളികൾ ജോലിക്ക് കയറിയെങ്കിലും പണിമുടക്ക് നടത്തിയവർ ബസുകൾ തടഞ്ഞിട്ടു.
ബി.ജെ.പി ഭരിക്കുന്ന കുളനട പഞ്ചായത്തിൽ പകുതിയാേളം ജീവനക്കാർ ജോലിക്കെത്തി.
ജില്ലയിൽ കടകൾ അടഞ്ഞു കിടന്നു. ടാക്സി വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. എം.സി റോഡിൽ പലയിടങ്ങളിലും വാഹന ഗതാഗതം തടഞ്ഞു.
ബസുകൾ തടഞ്ഞു
കെ. എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഇന്നലെ സർവീസ് ആരംഭിച്ച മൂന്ന് ബസുകൾ പണിമുടക്ക് അനുകൂലികൾ വഴിയിൽ തടഞ്ഞു. തലച്ചിറയ്ക്ക് പോയ ബസ് മലയാലപ്പുഴയിലും കൊല്ലത്തിനുള്ള ബസ് അടൂരിലും തിരുവല്ലയ്ക്ക് പുറപ്പെട്ട ബസ് പത്തനംതിട്ട നഗരത്തിലുമാണ് തടഞ്ഞത്. ചൊവ്വാഴ്ച രാത്രിയിൽ പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട അഞ്ച് ദീർഘദൂര സർവീസുകൾ തിരിച്ചുവരുന്നതിനിടെ വഴിയിൽ തടഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ബസുകൾ പത്തനംതിട്ടയിലെത്തിയത്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ പത്തനംതിട്ട ഡിപ്പോയിൽ അൻപത് പേർ ജോലിക്ക് ഹാജരായി.
ഹാജർ നില (ആകെയുള്ളവർ ബ്രാക്കറ്റിൽ)
കളക്ടറേറ്റ് 7 (127), കോന്നി താലൂക്ക് 13 (115), അടൂർ 7(159), മല്ലപ്പള്ളി 14 (84), റാന്നി 20(101), കോഴഞ്ചേരി 9(126), തിരുവല്ല 5 (114).
പഞ്ചായത്ത് ഒാഫീസ് പൂട്ടി
പ്രസിഡന്റ്
വള്ളിക്കോട് : ജീവനക്കാർ എത്തും മുമ്പ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് പൂട്ടി സി.പി.എം നേതാവുകൂടിയായ പ്രസിഡന്റ് താക്കോലുമായി പോയതായി പരാതി. സീനിയർ ക്ളാർക്ക് വിദ്യയും ചില ജീവനക്കാരുമാണ് ജോലിക്ക് എത്തിയത്. ഇവർ എത്തിയപ്പോൾ ഓഫീസ് പൂട്ടിക്കിടക്കുന്നു. പ്രസിഡന്റായ ആർ. മോഹനൻ നായരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇന്ന് പണിമുടക്കാണെന്നായിരുന്നു മറുപടിയെന്ന് വിദ്യ പറഞ്ഞു. സംഭവം അറിഞ്ഞ് എൻ.ജി.ഒ സംഘ്, ബിജെ.പി പ്രവർത്തർ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇവരെ പൊലീസ് തടഞ്ഞു. സമീപവാസികൂടിയായ വിദ്യ ജോലിക്ക് എത്തുമെന്ന് അറിയാമായിരുന്നെന്നും സമരക്കാരുമായുള്ള സംഘർഷം ഒഴിവാക്കാനാണ് ഓഫീസ് പൂട്ടിക്കൊണ്ട് പോയതെന്നും പ്രസിഡന്റ് പറഞ്ഞു. ജീവനക്കാർ പിന്നിട് പത്തനംതിട്ട തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ എത്തി ഒപ്പിട്ടു.