മല ഇടിയുമോ ? പേടിയോടെ ഒരു കുടുംബം
കുളനട : ഏതുനിമിഷവും മലയിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴാം,. ആധിയോടെ കഴിയുകയാണ് കുളനട ഉളനാട് ജയേഷ് ഭവനിൽ ജയകുമാറും കുടുംബവും . രാത്രിയിൽ എന്തെങ്കിലും ശബ്ദംകേട്ടാൽ ഇവർ പുറത്തേക്കോടും. വീടിന് പിൻഭാഗത്തെ മല കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഒന്നിൽ കൂടുതൽ തവണ ഇടിഞ്ഞു. വലിയ പാറക്കഷണങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ ഭാഗങ്ങൾ ഇനിയും ഇടിഞ്ഞുവീഴാം. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ജൂൺ 14ന് പുലർച്ചെ 3നാണ് വീടിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. വലിയ ശബ്ദം കേട്ട് ഇവർ പുറത്തേക്കോടി. ജയകുമാറിന്റെ ഭാര്യയ്ക്ക് വീണ് പരിക്കേറ്റു. കൂറ്റൻ പാറക്കഷണങ്ങളും മണ്ണും ഭിത്തിയിൽ പതിച്ച് വീടിന് ബലക്ഷയം സംഭവിച്ചു. കിണറും തകർന്നു. ശക്തമായ മഴ ഉണ്ടാകുമ്പോഴെല്ലാം മണ്ണും കല്ലും ഇടിഞ്ഞു വീഴാറുണ്ടെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെടുന്നതെന്ന് ജയകുമാർ പറഞ്ഞു.
സംഭവത്തിനുശേഷം തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു. കളക്ടർക്ക് പരാതി നൽകി. ജിയോളജി വകുപ്പ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല ഇവിടെ നിന്ന് മാറി താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചെങ്കിലും അതിനുള്ള സാമ്പത്തികശേഷിയില്ല.
കോണത്തുമൂല മലയിലെ മണ്ണും പാറയും ഇടിഞ്ഞുവീണ് വിടിന് ബലക്ഷം സംഭവിച്ചതിനൊപ്പം കിണറിന്റെ ചൂളക്കെട്ട് ഉൾപ്പടെ ഇടിഞ്ഞു താണു. ഇതുമൂലം കുടിവെള്ളം ദുരെനിന്ന് ചുമന്നുകൊണ്ടുവരികയോ പണംകൊടുത്ത് വാങ്ങുകയോ വേണം. വീടിന് പിൻഭാഗത്ത് അപകടകരമായി ഇടിഞ്ഞിരിക്കുന്ന പാറകളും മണ്ണും അടിയന്തരമായി നീക്കം ചെയ്യണം.
ജയകുമാർ