സിയാൽ 14 പേരെ പുറത്താക്കിയെന്ന് സന്ദേശം: വെട്ടിലായി ടാക്സി ഡ്രൈവർ

Thursday 10 July 2025 2:06 AM IST

നെടുമ്പാശേരി: പൊതുപണിമുടക്കിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് മുമ്പിൽ വഴി തടഞ്ഞ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിലെ 14 വനിതകളെ സിയാൽ പുറത്താക്കിയെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച ടാക്സി ഡ്രൈവർ പുലിവാലുപിടിച്ചു.

കൂവപ്പടി സ്വദേശി അജിത്ത് വർഗീസാണ് സംഭവത്തിലെ നായകൻ. പണിമുടക്കിന്റെ ഭാഗമായി എയർപോർട്ട് റോഡിൽ വഴി തടഞ്ഞ സി.ഐ.ടി.യു അംഗങ്ങളായ 14 പേരെ പുറത്താക്കിയെന്നായിരുന്നു സന്ദേശം. സമരക്കാരെയും സ്ത്രീകളെയും സി.ഐ.ടി.യുവിനെയും മോശമാകുന്ന പരാമർശങ്ങളും ഉന്നയിച്ചിരുന്നു.

സുഹൃത്തിനാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശം അജിത്ത് അയച്ചത്. സത്യമാണെന്ന് വിശ്വസിച്ച സുഹൃത്ത് ഇത് സോഷ്യൽ മീഡിയകളിൽ പങ്കുവച്ചതോടെ ദൃശ്യമാദ്ധ്യമങ്ങളിൽ വാർത്തയായി. സിയാലും പൊലീസും സി.ഐ.ടി.യു യൂണിയനും ശബ്ദസന്ദേശത്തിന്റെ ഉറവിടം തിരക്കാൻ ആരംഭിച്ചു. വൈകിട്ടാണ് ആളെ തിരിച്ചറിഞ്ഞത്. അജിത്ത് ക്ഷമാപണം നടത്തിയെങ്കിലും സി.ഐ.ടി.യു യൂണിയൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സി.ഐ.ടി.യു യൂണിയൻ സെക്രട്ടറി എ.എസ്. സുരേഷ് പറഞ്ഞു.

അങ്കമാലിയിൽ വച്ച് ചിലർ കാർ തടഞ്ഞ് മുൻഗ്ളാസിൽ കൈ ഉപയോഗിച്ച് തട്ടിയെന്നും വിമാനത്താവളത്തിന്റെ പരിസരത്തെത്തിയപ്പോൾ അവിടെയും പ്രതിഷേധം കണ്ടതോടെ തമാശയ്‌ക്കാണ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതെന്നും അജിത്ത് 'കേരളകൗമുദി"യോട് പറഞ്ഞു.