പ്രവാസികള്‍ക്ക് ഗുണകരം, നിര്‍ണായക മാറ്റവുമായി ഗള്‍ഫ് രാജ്യം; ജനുവരി മുതല്‍ പ്രാബല്യത്തില്‍
റിയാദ് : സൗദി അറേബ്യയില്‍ ഇനി മുതല്‍ വിദേശികള്‍ക്കും ഭൂമി വാങ്ങാം. ഇതു സംബന്ധിച്ച സ്വത്തുടമസ്ഥാവകാശ നിയമത്തിന് സൗദി ഭരണകൂടം അംഗീകാരം നല്‍കി. 2026 ആദ്യം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിലെ നിശ്ചിത മേഖലകളിലായിരിക്കും വിദേശികള്‍ക്ക് ഭൂമി വാങ്ങാനാവുക.
വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ കഴിയുന്ന മേഖലകള്‍ നിര്‍ണയിക്കാനുള്ള ഉത്തരവാദിത്വം റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിട്ടിക്കാണ്. വിദേശികള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഭൂമിശാസ്ത്രപരമായ മേഖലകള്‍ ഏതൊക്കെയാണെന്ന് അതോറിട്ടി തിരിച്ചറിയുകയും വിശദമായ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ പുറത്തിറക്കുകയും ചെയ്യും. അപേക്ഷാപ്രക്രിയ, ഭൂമി വാങ്ങാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ തുടങ്ങിയവ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും.
വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും ഭൂമി വാങ്ങുന്നതിന് പ്രത്യേക നിയന്ത്‌റണങ്ങളുണ്ടാകും.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം 180 ദിവസത്തിനുള്ളില്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സൗദിയുടെ 'ഇസ്തിത്ല' പ്ലാറ്റ്‌ഫോമിലൂടെ പൊതുജനാഭിപ്രായം തേടുന്നതിനായി പരസ്യപ്പെടുത്തും. ശേഷം നിയമത്തിന് അന്തിമ അംഗീകാരം നല്‍കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്‌കരിച്ച ' വിഷന്‍ 2030'ലെ സാമ്പത്തിക വൈവിദ്ധ്യവത്കരണ പദ്ധതികളുടെ ഭാഗമാണ് നിയമം.
സൗദിയുടെ ലക്ഷ്യം
റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വളര്‍ച്ച
വിദേശ നിക്ഷേപം
സമ്പദ്വ്യവസ്ഥയുടെ വികാസം
''നിയമം വിശാലമായ റിയല്‍ എസ്‌റ്റേറ്റ് പരിഷ്‌കരണ തന്ത്‌റത്തിന്റെ ഭാഗം. സൗദി പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നിയന്ത്‌റണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. - മജീദ് അല്‍ ഹൊഗെയ്ല്‍, മുനിസിപ്പല്‍, ഹൗസിംഗ് മന്ത്രി