കുഞ്ഞു നിധി അറിഞ്ഞു, മാതൃസ്നേഹത്തിന്റെ ചൂട്

Thursday 10 July 2025 1:31 AM IST

ലോഹർഗഡ കളക്ടർ ഡോ. കുമാർ താരാചന്ദ് കുഞ്ഞു നിധിയെ മാതാപിതാക്കളായ രഞ്ജിതയ്ക്കും മംഗളേശ്വറിനും കൈമാറുന്നു. കേരള സംഘത്തിലെ ഡി.സി.പി.ഒ കെ.എസ്. സിനി, ഷാനോ ജോസ് തുടങ്ങിയവർ സമീപം.

 മാതാപിതാക്കൾക്ക് കൈമാറി

കൊച്ചി: ജാർഖണ്ഡ് ദമ്പതികളായ മംഗളേശ്വറും രഞ്ജിതയും കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവിൽ ഫെബ്രുവരിയിൽ ഉപേക്ഷിച്ച കുഞ്ഞു നിധി അഞ്ചാം മാസം മാതാപിതാക്കളുടെ ചാരത്തണഞ്ഞു. കുഞ്ഞിനെ ജാർഖണ്ഡ് സി.ഡബ്ല്യു.സിക്ക് കൈമാറുന്നതിനായി ജൂലായ് ഏഴിനാണ് എറണാകുളം ഡി.സി.പി.ഒ

കെ.എസ്. സിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം എറണാകുളത്തു നിന്ന് ധൻബാദ് എക്സ്‌പ്രസിൽ യാത്രതിരിച്ചത്. ഇന്നലെ രാവിലെ റാഞ്ചിയിലെത്തിയ സംഘം 11ന് ലോഹർഗഡയിലെത്തി. 11.10ന് കുഞ്ഞിനെ ലോഹർഗഡ സി.ഡബ്ല്യു.സി ചെയർപേഴ്‌സൺ കുന്തി സാഹുവിന് കൈമാറി.

മാതാപിതാക്കളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ജാർഖണ്ഡ് സി.ഡബ്ല്യു.സി കുട്ടിയെ അവർക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരോടും ലോഹർഗഡ കളക്ടറേറ്റിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു.

കേരള, ജാർഖണ്ഡ് സി.ഡബ്ല്യു.സി അധികൃതർക്കൊപ്പം നിധി 12.30ന് കളക്ടറേറ്റിലെത്തി. ലോഹർഗഡ കളക്ടർ ഡോ. കുമാർ താരാ ചന്ദ് നിധിയെ മാതാവിനു കൈമാറി.

ഡി.സി.പി.ഒയ്‌ക്കൊപ്പം ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷനോ ജോസ്, പ്രൊജക്ട് അസിസ്റ്റന്റ് മിഥു, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജി, പ്രമീള, പ്രസന്ന, സോഷ്യൽ വർക്കർ കെ.ആർ. രോഹിത് എന്നിവരാണ് കേരള സംഘത്തിൽ ഉണ്ടായിരുന്നത്.