സൗരോർജ പമ്പ് ടെൻഡർ ക്രമക്കേട് അന്വേഷിക്കണം: ചെന്നിത്തല

Thursday 10 July 2025 12:43 AM IST

തിരുവനന്തപുരം: പി.എം കുസും പ്രകാരം സൗരോർജ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള 240 കോടിയുടെ ടെൻഡറിലെ ക്രമക്കേടുകൾ അന്വേഷിക്കണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടു.

അഞ്ചു കോടി രൂപ വരെ ടെൻഡർ വിളിക്കാൻ അനുമതിയുള്ള അനർട്ട് സി.ഇ.ഒ 240 കോടിയുടെ ടെൻഡർ വിളിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയർന്ന തുകയ്ക്ക് ടെൻഡർ വിളിക്കാൻ സാധിക്കുക. കോണ്ടാസ് ഓട്ടോമേഷൻ എന്ന കമ്പനിക്ക് ടെൻഡർ സമർപ്പിച്ച ശേഷം തിരുത്തലുകൾക്ക് അവസരം നൽകുകയും വർക്ക് ഓർഡർ ഇഷ്യൂ ചെയ്യുകയും ചെയ്തു. ടെൻഡർ തുറന്ന ശേഷം എങ്ങനെയാണ് മാറ്റം അനുവദിക്കാൻ സാധിക്കുക.

കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ബെഞ്ച് മാർക്ക് തുകയുടെ ഇരട്ടിയിലേറെ തുകയ്ക്കാണ് മിക്ക കോൺട്രാക്ടുകളും നൽകിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ വരെ വ്യത്യാസമാണ് വിവിധ പദ്ധതികളുടെ കോൺട്രാക്ടുകളിലുള്ളത്. നൂറു കോടിയിൽ പരം രൂപയുടെ വ്യത്യാസം മൊത്തം പദ്ധതിചെലവിൽ ഉണ്ടാക്കി.