സ്കൂൾ സമയ മാറ്റം: സർക്കാരിനെതിരെ ക്ളിമ്മിസ് കാതോലിക്കാ ബാവ

Thursday 10 July 2025 12:46 AM IST

പത്തനംതിട്ട: സ്കൂൾ സമയമാറ്റം, സൂംബ ഡാൻസ് തുടങ്ങിയവ നടപ്പാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ആളുകളുമായി ചർച്ച ചെയ്യാനുള്ള പക്വത സർക്കാർ കാണിക്കേണ്ടിയിരുന്നുവെന്ന് കെ.സി.ബി.സി അദ്ധ്യക്ഷനും മലങ്കര കത്തോലിക്കാ സഭ തലവനുമായ കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു.

നിലവാരമുള്ള വിദ്യാഭ്യാസമാണ് ലക്ഷ്യമെന്നതിനാൽ ഒന്നോ രണ്ടോ സംഘടനകളോട് ആലോചിച്ചാൽ പോര. സ്കൂളുകളിലെ പ്രാർത്ഥനകൾ മതേതരമാക്കണമെന്ന കാര്യം ചർച്ചയ്ക്കു വന്നിട്ടില്ല. പ്രാർത്ഥന അങ്ങനെ മാറ്റാൻ കഴിയില്ല. സംഘർഷഭരിതമായ സമരങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്കു തന്നെയാണ് നഷ്ടമുണ്ടാക്കുന്നത്. വിയോജിപ്പ് പ്രകടിപ്പിക്കുന്ന രീതികൾക്ക് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു..