ശിവഗിരി വൈദികമഠത്തിൽ ഭക്തജന സാന്നിദ്ധ്യമേറുന്നു

Thursday 10 July 2025 12:50 AM IST

ശിവഗിരി:മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദർശിച്ച വൈദിക മഠത്തിലേക്ക് ദിനംതോറും ഭക്തരുടെ സാന്നിദ്ധ്യം ഏറിവരുന്നു. ഗുരുദേവൻ ജീവിത സായാഹ്നത്തിൽ വിശ്രമിച്ചിരുന്നതും വൈദിക മഠത്തിലായിരുന്നു. ഗുരുദേവ-ഗാന്ധി സമാഗമശതാബ്ദി സ്മരണ ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഡൽഹി വിജ്ഞാൻ ഭവൻ സമ്മേളനം ചരിത്രഭാഗമായി മാറി.ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ട്രഷററും ഡൽഹി സമ്മേളന സംഘാടകരിൽ മുൻനിരക്കാരനുമായിരുന്ന വ്യവസായ പ്രമുഖൻ ജി.കോമളനും മകൻ കിഷൻ കോമളനും ശിവഗിരി മഠം സന്ദർശിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം വൈദികമഠം സന്ദർശിച്ചത്. തുടർന്ന് ശാരദാമഠത്തിലും ഗുരുദേവ റിക്ഷാമണ്ഡപത്തിലും ബോധനന്ദസ്വാമി സമാധിപീഠത്തിലും മഹാസമാധിയിലും ദർശനം നടത്തി.ഡൽഹി സമ്മേളന സംഘാടകസമിതി വൈസ് ചെയർമാനായ കെ.രഘുനാഥും വൈദിക മഠം സന്ദർശിച്ചിരുന്നു.വിവിധ ജില്ലകളിൽനിന്നും എത്തുന്നവരും വൈദിക മഠത്തിലെത്തി സമൂഹ പ്രാർത്ഥന നടത്തിവരുന്നുണ്ട്.