ബ്രാൻഡുകളുടെ പേരിലും ഡ്യൂപ്ലിക്കേറ്റ്, എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നുൾപ്പെടെ, ആരോഗ്യവും നശിപ്പിക്കും
ആരോഗ്യം നശിപ്പിച്ച് ഉത്പന്നങ്ങൾ
വർക്കല: വിപണിയിലെത്തുന്ന നിത്യോപയോഗ സാധനങ്ങൾ മായം കലർന്നതും വ്യാജ ഉത്പന്നങ്ങളാണെന്നുമുള്ള പരാതിയുയരുന്നു. വർക്കലയിലെയും സമീപ പഞ്ചായത്തുകളിലെയും ചെറുകിട സ്ഥാപനങ്ങളിൽ വില്പനക്കെത്തുന്ന പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളിൽ മിക്കവയ്ക്കും വ്യാജന്മാരുണ്ട്. മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ വില്പനയ്‌ക്കെത്തുന്ന ഇത്തരം സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ചില്ലറ വ്യാപാരികളിലേക്കെത്തുന്നു. ഉപഭോക്താവിന് ലഭിക്കുന്നത് പലപ്പോഴും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ്. നഗരങ്ങളിലെ ബേക്കറികളിലും ഹോട്ടലുകളിലും വിൽക്കുന്ന കുബൂസ് ഗ്രാമീണ മേഖലകളിൽ വിതരണം ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും ആരെന്നുപോലും ഉപഭോക്താവോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ അന്വേഷിക്കാറില്ല. ഇത്തരം വസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിൽ കടകളിലെത്തിക്കുകയും ഷവർമ്മയിലും മറ്റും ഉപയോഗിക്കാറുമുണ്ട്.
ഇവയ്‌ക്കൊന്നും പായ്ക്കിംഗ്, എക്സ്‌പെയറി തീയതികളോ രേഖപ്പെടുത്താറുമില്ല. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ വില്പന നടത്തുന്ന ചപ്പാത്തി പായ്ക്കറ്റുകൾ പരിശോധിച്ചാൽ പായ്ക്കിംഗ് തീയതി തൊട്ടടുത്ത ദിവസത്തേത് ആയിരിക്കും. ഉപഭോക്താവിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ പരിശോധന നടക്കുന്നില്ലെന്നതാണ് വാസ്തവം. മരുന്നുകളിൽപോലും വ്യാജന്മാർ വിപണിയിലെത്തുന്നുണ്ട്. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള നടപടികളാണ് അധികൃതർ കൈക്കൊള്ളേണ്ടത്.
ബ്രാൻഡുകളിലും ഡ്യൂപ്ലിക്കേറ്റ്
പ്രമുഖ ബ്രാൻഡുകളുടെ സോപ്പും ടൂത്ത്പേസ്റ്റുമുൾപ്പെടെയുള്ള മിക്ക വസ്തുക്കളിലും വ്യാജന്മാരുണ്ട്. ഒറ്റനോട്ടത്തിൽ കണ്ടാൽ യാതൊരു വ്യത്യാസവും തോന്നില്ലെങ്കിലും, കൊള്ളലാഭം മുന്നിൽക്കണ്ടുള്ള വ്യാജന്മാരുടെ വരവ് വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്. ആരോഗ്യസുരക്ഷയ്ക്ക് ഇത് ഭീഷണിയാണ്.തേൻമിഠായികൾപോലും വിപണിയിലെത്തുമ്പോൾ നിലവാരമില്ലാത്തതായി.
അതിർത്തി കടന്നും വ്യാജൻ
തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി പാൽ ഉത്പന്നങ്ങളും വിവിധതരത്തിലുള്ള ശീതള പാനീയങ്ങളും അച്ചാറുകളും വില്പനയ്ക്ക് എത്തുന്നുണ്ട്. മായം കലർന്നിട്ടുണ്ടോയെന്ന പരിശോധന പോലും കൂടാതെ ഇത്തരം ഉത്പന്നങ്ങൾ നമ്മുടെ നാട്ടിൽ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നു. അനധികൃത കശാപ്പുശാലകളിലേക്ക് തമിഴ്നാട്ടിൽ നിന്ന് യാതൊരുവിധ പരിശോധനയുമില്ലാതെ കൊണ്ടുവരുന്ന രോഗം ബാധിച്ച കന്നുകാലികളെ വരെ ഇറച്ചിയാക്കി വില്പന നടത്തുന്ന സംഘങ്ങളും വർക്കലയിൽ സജീവമാണ്.