'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ', വിസിയെ വെല്ലുവിളിച്ച് രജിസ്‌ട്രാർ അനിൽ കുമാർ സർവകലാശാലയിലെത്തി

Thursday 10 July 2025 11:07 AM IST

തിരുവനന്തപുരം: വിസി മോഹനൻ കുന്നുമ്മലിനെ വെല്ലുവിളിച്ചുകൊണ്ട് കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഓഫീസിൽ എത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോടതി വിധിയുടെ അടിസ്ഥാനത്തിൽത്തന്നെ മുന്നോട്ടുപോകും.'- അനിൽ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അനിൽ കുമാർ ഓഫീസിലെത്തിയാൽ തടയണമെന്ന് വി സി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശിച്ചിരുന്നു. എന്നാൽ അവരത് പാലിച്ചില്ല.

റഷ്യയിൽ നിന്ന് തിരിച്ചെത്തിയ ഡോ. മോഹനൻ കുന്നുമ്മൽ ഇന്നലെ ഡോ. സിസാ തോമസിൽ നിന്ന് ചുമതല ഏറ്റെടുത്തു. ഇതിനുപിന്നാലെയാണ് അനിൽകുമാർ ഓഫീസിൽ കയറുന്നത്‌ വിലക്കിയത്. അനിൽ കുമാർ ഓഫീസിലെത്തി ഫയൽനോക്കുന്ന സാഹചര്യത്തിലാണ് വിസി അദ്ദേഹത്തെ വിലക്കിയത്. ലംഘിച്ചാൽ അതിക്രമിച്ചു കടക്കലായി കണക്കാക്കി നടപടിയെടുക്കുമെന്നും നോട്ടീസിൽ അറിയിച്ചിരുന്നു.

നോട്ടീസിന് പിന്നാലെ ഡോ. അനിൽകുമാർ ചികിത്സാ ആവശ്യത്തിന് ദീർഘകാല അവധിക്ക് അപേക്ഷിച്ചെങ്കിലും വി സി അതും തള്ളി. സസ്പെൻഷനിലായതിനാൽ അവധിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രജിസ്ട്രാറുടെ ചുമതല പരീക്ഷാ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് ഡയറക്ടർക്കോ നൽകണമെന്ന് അവധിക്കത്തിലുണ്ടായിരുന്നു.

അവധിയപേക്ഷ നിരസിച്ചതിനുപിന്നാലെ, സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയതാണെന്ന് വി സിക്ക് ഡോ.അനിൽകുമാർ ഇമെയിലയച്ചു. സസ്പെൻഷൻ പരിശോധിക്കേണ്ടത് സിൻഡിക്കേറ്റാണ്. ഹൈക്കോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിർദേശിച്ചതെന്നും മെയിലിൽ ചൂണ്ടിക്കാട്ടി.