റേഷൻ കടയിൽ നിന്ന് ആട്ട വാങ്ങാറുണ്ടോ? ഈ തട്ടിപ്പിനെക്കുറിച്ച് നിങ്ങളറിയണം

Thursday 10 July 2025 11:29 AM IST

കൊല്ലം: എ.ഐ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ആട്ട ഹോട്ടലുകൾക്ക് മറിച്ചുവിൽക്കുന്നു. കഴിഞ്ഞദിവസം ജില്ലാ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ റേഷൻകട വഴി വിതരണം ചെയ്യുന്ന ആട്ട കണ്ടെത്തിയിരുന്നു.

തുടർന്ന് തൊട്ടടുത്തുള്ള റേഷൻകടയിൽ നടത്തിയ പരിശോധനയിൽ സ്റ്റോക്ക് രജിസ്റ്ററിലുള്ളതിനേക്കാൾ 51 കവർ ആട്ട അധികം കണ്ടെത്തി. ഉപഭോക്താക്കൾക്ക് റേഷൻ വാങ്ങാൻ വരുമ്പോൾ ആട്ട വിതരണം ചെയ്യാതെ ബിൽ അടിച്ചാണ് തട്ടിപ്പ്. എ.എ.വൈ കാർഡിലെ ഒരു അംഗത്തിന് ഒരുകിലോ ഗോതമ്പ് അല്ലെങ്കിൽ ഒരു കിലോ ആട്ട എന്ന ക്രമത്തിലാണ് വിതരണം. മൂന്ന് അംഗങ്ങൾ വരെയുള്ള കാർഡിന് മൂന്ന് കിലോ ആട്ട വരെ നൽകാം.

മൂന്നിൽ കൂടുതൽ അംഗങ്ങളുള്ള കാർഡിന് ബാക്കി എണ്ണത്തിന് ആനുപാതികമായി ഗോതമ്പ് നൽകും. എ.എ.വൈ വിഭാഗത്തിന് ഏഴ് രൂപയ്ക്കും മുൻഗണനാ വിഭാഗത്തിന് ഒൻപത് രൂപ നിരക്കിലുമാണ് ആട്ട നൽകുന്നത്. വ്യാജ ബിൽ അടിച്ച് കണക്കിൽ നിന്ന് ഒഴിവാക്കുന്ന ആട്ട കിലോ 20 രൂപ നിരക്കിലാണ് മറിച്ചുവിൽക്കുന്നത്.

ആട്ട ആവശ്യപ്പെടുന്ന കാർഡ് ഉടമകളെ സ്റ്റോക്ക് എത്തിയിട്ടില്ലെന്ന് പറഞ്ഞ് കബിളിപ്പിക്കുന്നതായും പരാതിയുണ്ട്. ഒരു റേഷൻകടയ്ക്ക് എ.എ.വൈ, മുൻഗണനാ കാർഡുകളുടെ എണ്ണത്തിന് ആനുപാതികമായി ഒരുമാസം 500 മുതൽ 600 കിലോ വരെ ആട്ടയാണ് പ്രതിമാസം വിതരണത്തിനായി ലഭിക്കുന്നത്.

കമ്പനി കവറുകളിലാക്കിയും വിൽപ്പന

റേഷൻകടകളിൽ നിന്ന് കിലോ 15 രൂപ നിരക്കിൽ ശേഖരിച്ച് പുതിയ കവറുകളിലാക്കി കൂടുതൽ വിലയ്ക്ക് വിൽക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. വിവിധ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും റേഷൻകടകളിൽ നിന്ന് കടത്തുന്ന ആട്ട വൻതോതിൽ കൈമാറുന്നുണ്ട്.