കോഴിക്കോട്ട് പഞ്ചവടിപ്പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Thursday 10 July 2025 2:16 PM IST
കോഴിക്കോട്: കക്കയം പഞ്ചവടിപ്പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയോടെയാണ് കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയിൽ വീട്ടിൽ അശ്വിൻ മോഹനെ (30) കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ ഒഴുക്കിനെത്തുടർന്ന് രക്ഷിക്കാനായില്ല.
കോഴിക്കോട്ടെ വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളിൽ നിന്നുള്ള സ്‌കൂബ ടീമും കൂരാച്ചുണ്ട് പൊലീസും നാട്ടുകാരുടെ സഹായത്തോടെ പല ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും രാത്രി ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പനങ്ങാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു അശ്വിൻ.