'ഇതാണ് റിയൽ ഇന്ത്യ'; മൂക്ക് പൊത്തി പോളിഷ് ടൂറിസ്റ്റുകൾ, താജ്മഹലിന് സമീപത്തെ വീഡിയോ പുറത്ത്
ലോകാത്ഭുതങ്ങളിലൊന്നായ താജ്‌മഹൽ കാണാൻ ദിവസവും നിരവധി പേരാണ് ആഗ്രയിലെത്തുന്നത്. മനോഹരമായ താജ്മഹലും മറ്റ് കാഴ്ചകളും വിദേശികൾക്ക് വരെ വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ ഇപ്പോഴിതാ താജ്മഹലിന് സമീപത്തെ മറ്റൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പോളിഷ് വ്ലോഗർമാരാണ് വീഡിയോ പങ്കുവച്ചത്. താജ്മഹലിന് പിന്നിൽ മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന മലിനജലവുമാണ് വീഡിയോയിൽ കാണിക്കുന്നത്.
ടൂറിസ്റ്റുകൾ മൂക്ക് പൊത്തി അതിലൂടെ നടക്കുന്നതും കാണാം. 'podroznikdowynajecia' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. 'താജ് മഹൽ എവിടെ? ഇത് സഹിക്കാൻ പറ്റാത്ത ദുർഗന്ധമാണ്. ഇതാണ് റിയൽ ഇന്ത്യ. ചെന്നെെയിലേതിനെക്കാൾ മോശം. ദുർഗന്ധം സഹിക്കാൻ പറ്റുന്നില്ല'- എന്ന് വീഡിയോയിൽ പറയുന്നതും കേൾക്കാം.
വീഡിയോ ഇന്ത്യയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചല്ല വീഡിയോ എന്ന് വ്ലോഗർ അടിക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്. 'ഇന്ത്യ ഒരു മികച്ച രാജ്യമാണ്. ലോകത്തിന്റെ ഈ മഹത്തായ ഭാഗത്തെ വെറുക്കാൻ ഞങ്ങൾ ഒരിക്കലും ചിന്തിക്കുന്നില്ല. വൃത്തിയുള്ളതും മനോഹരവുമായ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്'- വീഡിയോയിൽ കുറിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.
'ചില സ്ഥലങ്ങൾ വൃത്തിഹീനമാണെന്ന് അറിയാം പക്ഷേ എന്തിനാണ് ഈ അഴുക്ക് പിടിച്ച് സ്ഥലത്തേക്ക് പോകുന്നത്?', 'ഒരു മലിനജല ടാങ്കിന് അടുത്ത് പോയിരുന്ന ദുർഗന്ധത്തെക്കുറിച്ച് പരാതിപറയുന്നതിന് തുല്യമാണ് ഇത്', റിയൽ താജ്മഹൽ കാണിച്ചതിന് നന്ദി' ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.