'പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ട്, വിഎസിനായി കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും'; കുറിപ്പുമായി മകൻ അരുൺ കുമാർ
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെത്തുടർന്ന് ജൂൺ 23നാണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്.
അച്ഛന്റെ ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോൾ പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് മകൻ അരുൺ കുമാർ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അരുൺ കുമാറിന്റെ പ്രതികരണം. ഡയാലിസിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം തലവൻ പരിശോധന നടത്തിയിരുന്നു. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തിൽ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിർദ്ദേശിച്ചതെന്ന് അരുൺ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛന്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോൾ പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ട്. തുടർന്ന് വരുന്ന ഡയാലിസിസ് ഇപ്പോഴുള്ള വിഷമതകൾ മാറ്റുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഡയാലിസിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം തലവൻ പരിശോധന നടത്തിയിരുന്നു. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തിൽ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിർദ്ദേശിച്ചത്. സഖാവ് വിഎസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങൾ പ്രതീക്ഷയിൽത്തന്നെയാണ്.