കീം റാങ്ക്; സർക്കാരിന് വീണ്ടും തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി

Thursday 10 July 2025 4:19 PM IST

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കഴിഞ്ഞ ദിവസം ഹൈക്കോടതി റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കും. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സ‌ർക്കാരിന്റെ അപ്പീൽ തള്ളിയിരിക്കുന്നത്. ഇതോടെ പ്രവേശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയായി.

പ്രോസ്‌പെക്‌ടസ് പുറത്തിറക്കി എൻട്രൻസ് പരീക്ഷയുടെ സ്‌കോർ പ്രസിദ്ധപ്പെടുത്തിയ ശേഷം വെയിറ്റേജിൽ മാറ്റം വരുത്തുന്നത് നിയമപരമല്ല എന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധിപേർ ഇതോടെ പട്ടികയ്‌ക്ക് പുറത്തുപോകും. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ , ഫാർമസി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് കീം.

മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ പോകുന്നത് മറികടക്കാൻ കൊണ്ടുവന്ന പരിഷ്‌‌കാരം നടപ്പാക്കാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പ്രോസ്‌പെക്‌ടസിൽ മാറ്റം വരുത്താമെന്ന വ്യവസ്ഥയുണ്ടെന്നായിരുന്നു സർക്കാർ വാദം.

അതേസമയം, മാർക്ക് സമീകരണത്തിനുള്ള പഴയ ഫോർമുല തുടരാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ എഞ്ചിനീയറിംഗ് എൻട്രൻസ് റാങ്ക് ലിസ്റ്റ് അടിമുടി മാറും. പട്ടികയിലുള്ള 76230കുട്ടികളുടെയും റാങ്ക് മാറും. അലോട്ട്മെന്റുകളും നീണ്ടുപോവും. പുതിയ ഫോർമുലപ്രകാരം റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയ സംസ്ഥാന സിലബസുകാർ പിന്നോട്ടുപോവും. അന്യസിലബസുകാർക്ക് നേട്ടമുണ്ടാവും.

മാർക്ക് വിവരങ്ങളെല്ലാം ഡിജിറ്റലായി ശേഖരിച്ചിട്ടുള്ളതിനാൽ സോഫ്‌റ്റ്‌വെയറിൽ ചെറിയ മാറ്റംവരുത്തി പുതിയ റാങ്ക് ലിസ്റ്റ് രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കാനാവും. എൻട്രൻസിൽ ഓരോവിഷയത്തിനും 10 മാർക്കെങ്കിലുമുള്ളവരാണ് റാങ്ക് പട്ടികയിലുള്ളതെന്നതിനാൽ ലിസ്റ്റിലുള്ളവരുടെ എണ്ണം കൂടില്ല. ഒന്നാംറാങ്കടക്കം ആദ്യപത്തിൽ അഞ്ചും കേരളസിലബസുകാർക്കാണ്. ആദ്യ നൂറുറാങ്കിൽ 43പേരുണ്ട്. റാങ്കുകാരടക്കം മാറിയേക്കാനിടയുണ്ട്. സമീകരണഫോർമുല മാറ്റിയതോടെയാണ് ഏറെക്കാലത്തിനുശേഷം ഒന്നാംറാങ്ക് സംസ്ഥാന സിലബസിലെത്തിയത്.