മന്ത്രിയുടെ വാക്ക് കേട്ട ജനങ്ങൾ പെരുവഴിയിൽ; ഇന്നലെ നടത്തിയത് 250ൽ താഴെ സർവീസുകൾ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിനെ തോൽപ്പിച്ച് കെഎസ്ആർടിസി യൂണിയനുകൾ. ഇന്നലെ ആകെ 250 സർവീസുകൾ മാത്രമാണ് നടത്തിയത്. മന്ത്രി തലേ ദിവസം നടത്തിയ ആഹ്വാനം യൂണിയനുകൾ തള്ളിക്കളയുകയായിരുന്നു. മന്ത്രിയുടെ പ്രസ്താവന കാരണം ഉണ്ടായത് രണ്ട് കാര്യങ്ങളാണ്.
ഒന്ന് ഇടത് യൂണിയനുകൾ ഉൾപ്പെടെ സമരം ഘടിപ്പിക്കാൻ തീരുമാനിച്ചു. രണ്ട് മന്ത്രിയെ വിശ്വസിച്ച് പാവം ജനം റോഡിലിറങ്ങി. മന്ത്രിയുടെ പ്രസ്താവനയെ പ്രകോപനപരമായി കണ്ട യൂണിയനുകൾ സർവ്വശക്തിയും പുറത്തെടുത്തു. ദിവസം ശരാശരി 4450 സർവീസുകളാണ് നടക്കുന്നതെങ്കിൽ ഇന്നലെ സർവീസ് നടത്തിയത് 250 ഷെഡ്യൂളുകൾ മാത്രം. 21,000 ജീവനക്കാരിൽ 3000 പേർ ജോലിക്ക് എത്തിയെങ്കിലും ഗുണം ഉണ്ടായതുമില്ല.
പലയിടത്തും സംഘർഷവും ബസുകൾക്ക് കേടുപാടുമുണ്ടായി. ഡയസ്‌നോണ് പുല്ലുവില കൽപ്പിച്ചാണ് ജീവനക്കാർ പണിമുടക്കിയത്. മന്ത്രിയുടെ മണ്ഡലത്തിലെ സ്വന്തം ഡിപ്പോയായ പത്തനാപുരത്തുനിന്ന് ഒരു സർവീസ് പോലും നടത്താൻ കഴിഞ്ഞില്ല. രാവിലെ മൂന്നുബസുകൾ സർവീസ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും സമരാനുകൂലികൾ തടഞ്ഞു. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. പൊലീസും സ്ഥലത്തെത്തി സംഘർഷം ഒഴിവാക്കി.
കൊല്ലത്ത് സർവീസ് നടത്താൻ തയ്യാറായി എത്തിയ കണ്ടക്ടറെ സമരാനുകൂലികൾ ബസിനുളളിൽ കടന്ന് അസഭ്യംപറഞ്ഞതായും മുഖത്തടിച്ചതായും പരാതിയുണ്ട്. പണിമുടക്കായിട്ടും സർവീസ് നടത്താനെത്തി എന്നുപറഞ്ഞായിരുന്നു മർദ്ദനം. കൊല്ലം ഡിപ്പോയിൽ സർവീസ് ആരംഭിക്കാൻ തയ്യാറായി നിന്ന് മൂന്നാർ, എറണാകുളം അമൃത സർവീസ് സമാരാനുകൂലികൾ തടയുകയും കൊടി നാട്ടുകയും ചെയ്തു. കൊട്ടാരക്കര, മലപ്പുറം ഡിപ്പോകളിലും സമരക്കാർ ബസുകൾ തടഞ്ഞു. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ സർവീസുകൾ നടത്താതിരിക്കാനായി സമരാനുകൂലികൾ പുറത്തേക്കിറങ്ങാനുളള വഴിയിൽ ബസുകൾ കുറുകെ നിറുത്തിയിരുന്നു.