ഈ പ്രേതവൃക്ഷത്തിന്റെ അടുത്ത് നിൽക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? സഞ്ചാരിയുടെ വെളിപ്പെടുത്തൽ; വീഡിയോ
സഞ്ചാരികളിലും ചരിത്ര പര്യവേക്ഷകരിലും ഒരുപോലെ കൗതുകം ഉണർത്തുന്ന കാര്യമാണ് പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങൾ. അത്തരമൊരു നിഗൂഢമായ സ്ഥലത്തെക്കുറിച്ചാണ് ഒരു ട്രാവൽ വ്ളോഗർ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. രാജ്യതലസ്ഥാനത്തെ ദ്വാരക സെക്ടർ ഒമ്പതിൽ സ്ഥിതി ചെയ്യുന്ന പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു വൃക്ഷത്തെപ്പറ്റിയുള്ള അനുഭവമാണ് നകുൽ ഛബ്ര ദെഹ്ൽവി എന്ന ട്രാവൽ വ്ലോഗർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ആ സ്ഥലവുമായി ബന്ധപ്പെട്ട പേടിപ്പെടുത്തുന്ന സംഭവങ്ങളെക്കുറിച്ചും അദ്ദേഹം ദീർഘമായി സംസാരിച്ചു.
'രാത്രിയിൽ ഈ സ്ഥലത്തിന് ചുറ്റും വിചിത്രമായ പലതും അനുഭവപ്പെടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആരെങ്കിലും ഈ മരത്തിനടുത്തുകൂടി കടന്നുപോകുമ്പോൾ നമ്മൾ അറിയാതെ തന്നെ വേഗത കൂട്ടിപ്പോകും. ഇതിലെന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ? മറ്റെന്തെങ്കിലും പ്രതിഭാസമാണോ സംഭവിക്കുന്നത് ?'. നകുൽ ഛബ്രയുടെ വാക്കുകൾ
യഥാർത്ഥത്തിൽ ഈ പ്രേതവൃക്ഷത്തിനടിയിൽ കുഴിച്ചു മൂടിയ പഴയൊരു കിണറാണ്. വൃത്താകൃതിയിലാണ് ഇതിന്റെ ഘടന. മാത്രമല്ല ഡൽഹിയിലെ മറ്റ് കിണറുകളിൽ നിന്ന് തികച്ചും വ്യത്യസ്തവുമാണ്. അതുകൊണ്ടാണ് ഞാൻ ഇതിനെ ഒരു ലോകപൈതൃക സ്ഥലമായി വിശേഷിപ്പിക്കുന്നത്. മിക്ക ഡൽഹിക്കാരും കേട്ടിട്ടുപോലുമില്ലാത്ത തോഗൻപൂർ ഗ്രാമത്തിന്റെ ഭാഗമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭയാനകമായി തോന്നുന്നത് യഥാർത്ഥത്തിൽ പവിത്രമായിരിക്കും'. നകുൽ ഛബ്ര പറഞ്ഞു. മേയ് 19ന് പങ്കിട്ട വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിനു പേരാണ് കണ്ടത്.