നാലര കിലോമീറ്റർ ദൂരത്തേക്ക് 30 കിലോമീറ്റർ യാത്ര !
കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം വടാട്ടുപാറക്കാർക്ക് ഇന്നും സ്വപ്നം....
കുട്ടമ്പുഴ: മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും വടാട്ടുപാറ- കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം യാഥാർത്ഥ്യമാക്കാത്തതിൽ അമർഷം ഉള്ളിലൊതുക്കി ഒരുകൂട്ടം മനുഷ്യർ. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യയുടെ അൻപത് ശതമാനം വരുന്ന സാധാരണക്കാരാണ് കേവലം 180മീറ്റർ മാത്രം ദൈർഘ്യമുള്ളൊരു ചെറുപാലത്തിനുവേണ്ടി പതിറ്റാണ്ടുകളായി മുറവിളി കൂട്ടുന്നത്.
1980-85 കാലത്ത് പൂയംകുട്ടി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴയ്ക്ക് സമീപം ഇടമലയാറും കണ്ടൻപാറ പുഴയും തമ്മിൽ സംഗമിക്കുന്ന ആനക്കയത്ത് പാലം പണിയുന്നതിന് കെ.എസ്.ഇ.ബി നടപടികൾ ആരംഭിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ പാലം പണിയും ഉപേക്ഷിച്ചു. പിന്നീട് 2009ൽ നെടുമ്പാശേരി - കൊടൈക്കനാൽ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായി ഭൂതത്താൻകെട്ട് - വടാട്ടുപാറ - പലവൻപടി - ആനക്കയം - കുട്ടുമ്പുഴ റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തപ്പോൾ ആനക്കയത്ത് പാലം പണിയാൻ നടപടികൾ തുടങ്ങി. സംസ്ഥാന ബഡ്ജറ്റിൽ ഭരണാനുമതി ഇല്ലാത്ത ഹെഡിൽ വെറും 100രൂപ ടോക്കൺ അഡ്വാൻസ് ആയി ഉൾപെടുത്തുകയും 12 കോടി രൂപ അടങ്കൽ തുക വരുന്ന എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ആനക്കയം ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മിക്കാൻ വനംവകുപ്പിൽനിന്ന് 36 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. വനംവകുപ്പ് സ്ഥലം വിട്ടുനൽകാൻ തയ്യാറായില്ല. 2016-2017 കാലഘട്ടത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി സർക്കാരിന് നിവേദനം സമർപ്പിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 18 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. പിന്നീട് അത് 25 കോടിയായി ഉയർത്തി.
എന്നിട്ടും പാലം നിർമ്മിക്കുന്ന കാര്യത്തിൽ സർക്കാരും പൊതുമരാമത്ത് വകുപ്പും ഉദാസീനത തുടർന്നപ്പോൾ ഗ്രാമവികസന സമിതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ഹർജി പരിഗണിച്ച കമ്മീഷൻ 2024 ജൂൺ 21ന്, അടിയന്തിരമായി പാലം പണിയാൻ ഉത്തരവിട്ടെങ്കിലും അധികൃതരുടെ മനസ് അലിഞ്ഞില്ല.
30 കി.മീ. യാത്ര
വടാട്ടുപാറ നിവാസികൾക്ക് സ്വന്തം പഞ്ചായത്ത് ആസ്ഥാനത്ത് എത്താൻ 30 കിലോമീറ്ററും ഇടമലയാർ - താളുംകണ്ടം പ്രദേശത്തെ ആദിവാസികൾക്ക് 45 കിലോമീറ്ററും യാത്രചെയ്യണം. പെരിയാറിന് കുറുകെ 180 മീറ്റർ പാലം നിർമ്മിച്ചാൽ വടാട്ടുപാറക്കാരുടെ യാത്രദൈർഘ്യം 4.5 കിലോമീറ്ററായും ആദിവാസികൾക്ക് 15കിലോമീറ്ററായും കുറയും.
1970ൽ കൃഷിയ്ക്കും സ്ഥിരതാമസത്തിനുമായി സർക്കാർ പതിച്ചു നൽകിയ ഭൂമിയിലെ ആദിവാസികൾ ഉൾപ്പെടെ ഏതാണ്ട് 12,000ത്തോളം വരുന്ന ജനങ്ങളാണ് ആറ് പതിറ്റാണ്ടോളമായി യാത്രാദുരിതം അനുഭവിക്കുന്നത്.
ഷാജി പയ്യാനിക്കൽ,
പ്രസിഡന്റ്
കുട്ടുമ്പഴ ഗ്രാമവിസകന സമിതി