'മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടില്ല'

Friday 11 July 2025 3:30 AM IST

ഇടതുപക്ഷത്തിനും യു.ഡി.എഫിനും അഗ്നിപരീക്ഷയായിരുന്ന നിലമ്പൂരിൽ വിജയം തുണച്ചത് യു.ഡി.എഫിന്റെ കൂട്ടായ്മയെ. പി.വി. അൻവറിന്റെ തോളിൽ കൈയിട്ട് എളുപ്പത്തിൽ നിലമ്പൂർ കടമ്പ കടക്കാമെന്ന യു.ഡി.എഫിലെ ചില നേതാക്കളുടെ പ്രതീക്ഷ തല്ലിക്കെടുത്തിയത് അൻവർ തന്നെയായിരുന്നു. പക്ഷെ അൻവറിന്റെ വെല്ലുവിളിക്കു മുന്നിൽ പതറാതെ, ചങ്കുറപ്പോടെ നിൽക്കാൻ യു.ഡി.എഫിന് കരുത്തേകിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇച്ഛാശക്തിയാണ്.

ഒരു തരത്തിലും അൻവറിനു മുന്നിൽ വളയുകയോ വഴങ്ങുകയോ ചെയ്യില്ലെന്ന് സതീശൻ തറപ്പിച്ചു പറഞ്ഞപ്പോൾ, കോൺഗ്രസും ഘടകകക്ഷികളും ആ വെല്ലുവിളി ഏറ്റെടുത്തു. ആ കൂട്ടായ നിലപാടിന് നിലമ്പൂരിലെ ജനങ്ങൾ നൽകിയ അംഗീകാരമായിരുന്നു ആര്യാടൻ ഷൗക്കത്തിന് തളികയിൽ നൽകിയ വിജയം. വി.ഡി. സതീശൻ 'കേരളകൗമുദി"യോട് മനസ് തുറക്കുന്നു.

? അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി ആരാവുമെന്ന തരത്തിൽ ചില ചർച്ചകൾ ഇടയ്ക്കുണ്ടായല്ലോ.

 അത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും രീതിയല്ല. മുഖ്യമന്ത്രിയായി ഒരാളെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പിനെ നേരിടുക. ഭൂരിപക്ഷം കിട്ടിയാൽ എം.എൽ.എമാരുടെയും പാർട്ടി ദേശീയ നേതൃത്വത്തിന്റെയുമൊക്കെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാവും മുഖ്യമന്ത്രിയെ നിശ്ചയിക്കുക. മുഖ്യമന്ത്രി മോഹവും മനസിൽ വച്ച് ഒരാൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങിയാൽ മൊത്തത്തിലുള്ള വിജയത്തിലാവില്ല, സ്വന്തം വിജയത്തിലാവും ശ്രദ്ധ പോവുക. അത് ഗുണകരമാവില്ല. മുഖ്യമന്ത്രിയാകേണ്ടയാളെ ശരിയായ സമയത്ത് കണ്ടെത്തും.

? പാർട്ടി പുനഃസംഘടന.

 അക്കാര്യത്തിലും ആലോചനകൾ നടന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റും മറ്റു നേതാക്കളും ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. ഉചിതമായ തരത്തിൽ സംഘടനാ നടപടികളും യഥാസമയം നടപ്പാക്കും.

? നിലമ്പൂരിൽ തിളക്കമാർന്ന വിജയമാണ് നേടിയത്. ആ സമയത്തു കാട്ടിയ വലിയ ഇച്ഛാശക്തി യു.ഡി.എഫിലും കോൺഗ്രസിലും പിന്നീട് അംഗീകരിക്കപ്പെട്ടല്ലോ.

 തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടുമെല്ലാം വൻ വിജയം നേടിയ ശേഷമാണ് നിലമ്പൂരിലേക്ക് എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുൻകൂട്ടി പ്ളാൻ ചെയ്യാൻ സാധിച്ചു. ഘടകകക്ഷികളടക്കം എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ആ ഒത്തൊരുമയുടെ ഫലമാണ് അവിടെ കണ്ടത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ എനിക്കുള്ള ഉത്തരവാദിത്തം നല്ല രീതിയിൽ നിറവേറ്റി. വിജയിക്കുമ്പോൾ വലിയ പൂമാല കിട്ടും. പരാജയപ്പെട്ടിരുന്നെങ്കിൽ ആക്രണത്തിന്റെ കുന്തമുനയായേനെ വരിക. ആ കുന്തമുന അങ്ങനെ നീണ്ടുനിൽക്കും.

പിന്നെ,​ അൻവറിന്റെ വിഷയം. അദ്ദേഹത്തെ യു.ഡി.എഫുമായി സഹകരിപ്പിക്കുന്ന കാര്യത്തിൽ ആലോചനകൾ നടന്നതാണ്. പക്ഷെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ, പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന നടപടി അംഗീകരിക്കാനാവുമായിരുന്നില്ല. അത്തരം നടപടിയുണ്ടായപ്പോൾ യു.ഡി.എഫിലും കോൺഗ്രസിലും എല്ലാവരുമായി ആലോചിച്ച് കൂട്ടായി എടുത്ത തീരുമാനമാണ് അൻവറിന്റെ കാര്യത്തിൽ ഉണ്ടായത്. ആ തീരുമാനം ഞാൻ പറഞ്ഞെന്നു മാത്രം.

? കോൺഗ്രസിൽ പൊതുവെയും രണ്ടാം നിരയിൽ പ്രത്യേകിച്ചും വലിയ ആവേശമുണ്ടാക്കാൻ കഴിഞ്ഞല്ലോ.

 രണ്ടാംനിര മാത്രമല്ല,​ മൂന്നാംനിരയെയും ഞങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. നമ്മുടെയൊക്കെ സമയം കഴിഞ്ഞാലും പ്രസ്ഥാനത്തെ നല്ല നിലയിൽ നയിക്കാൻ ആൾക്കാർ വേണമല്ലോ. നിലമ്പൂരിൽ രണ്ടാം നിര വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചു. ഒപ്പം അനുഭവ സമ്പത്തുള്ള നേതാക്കൾ അതിന് മേൽനോട്ടം വഹിച്ചു. അത് കോൺഗ്രസിന്റേതു മാത്രമല്ല, മറ്റു ഘടകകക്ഷികളും അങ്ങനെ തന്നെയായിരുന്നു. ചെറുപ്പക്കാരെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചാൽ അവർ ഭംഗിയായി ചെയ്യും. നല്ല നിലയിൽ പ്രവർത്തിക്കും.

? വിജയത്തിനിടയിലും ക്യാപ്റ്റൻ, മേജർ വിവാദം തിളക്കത്തെ ബാധിച്ചില്ലേ.

 അതൊക്കെ വെറുതെ ഉണ്ടാക്കിയ വിവാദമാണ്. അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമല്ല. പ്രത്യേകിച്ച് വലിയൊരു മത്സരത്തിൽ തിളക്കമാർന്ന വിജയം കിട്ടിയ ശേഷം.

? മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയവർക്ക് അവരുടേതായ ശൈലിയുണ്ടായിരുന്നു. താങ്കൾക്ക് താങ്കളുടേതായ ശൈലിയുണ്ടെങ്കിലും നേരത്തെ പറഞ്ഞ നേതാക്കളിൽ ആരുടെയെങ്കിലും ശൈലി സ്വാധീനിച്ചിട്ടുണ്ടോ.

 ഈ മൂന്ന് നേതാക്കളും അവരവരുടേതായ ശൈലിയിൽ കാര്യങ്ങൾ ചെയ്തിരുന്നവരാണ്. കെ. കരുണാകരന്റേത് അസാധാരണമായ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. പ്രത്യേകിച്ച്,​ മുന്നണി സംവിധാനം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ നേതാവാണ് അദ്ദേഹം . എ.കെ. ആന്റണി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും വലിയ ചിട്ട പുലർത്തുന്ന ആളാണ്. എന്നാൽ ഉമ്മൻചാണ്ടി വലിയ ജനകീയനാണ്.

എന്റേത് വേറിട്ടൊരു ശൈലിയാണ്. പറയുന്ന കാര്യങ്ങൾ നടപ്പായില്ലെങ്കിൽ എനിക്ക് ദേഷ്യം വരും. പ്രവർത്തകരോട് ഞാൻ ദേഷ്യപ്പെടും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമൊന്നും അങ്ങനെ ദേഷ്യപ്പെടാറില്ല. ഒരു ചുമതല ഏൽപ്പിച്ചാൽ അത് ഉത്തരവാദിത്വത്തോടെ ചെയ്യണം. അല്ലെങ്കിൽ ചെയ്യാൻ പറ്റില്ലെന്നു പറയണം. നല്ല രീതിയിൽ കാര്യങ്ങൾ ചെയ്താൽ അവരെ വിളിച്ച് അഭിനന്ദിക്കും. അവർക്കും അതൊരു പ്രോത്സാഹനമാവും. എന്നെ ഏല്പിക്കുന്ന ചുമതലകൾ കൃത്യമായി ചെയ്യാറുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ രണ്ട് യാത്രകൾ സംഘടിപ്പിച്ചു. രണ്ടിന്റെയും ചുമതല എനിക്കായിരുന്നു. കഴിയുന്നത്ര നന്നായി അത് നിർവഹിച്ചു. പിന്നീട് രമേശ് ചെന്നിത്തല തന്നെ പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.

? തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരികയാണ്. മുന്നൊരുക്കങ്ങൾ...

 തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി കെ.പി.സി.സി നേതൃത്വം ജില്ലാ പര്യടനം തുടങ്ങിക്കഴിഞ്ഞു. കുടുംബ സംഗമങ്ങൾ പുരോഗമിക്കുന്നു. പ്രവർത്തകരെയും ജില്ലാ നേതാക്കളെയും കുറേക്കൂടി സജീവമാക്കുകയാണ് ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിലും മുൻകൂട്ടി പരിപാടികൾ നിശ്ചയിച്ച് നടപ്പാക്കും. വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതുൾപ്പെടെയുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കും. യു.ഡി.എഫിന് ഇപ്പോഴുള്ള സാദ്ധ്യത എല്ലാ തരത്തിലും പ്രയോജനപ്പെടുത്തും.

? തിരഞ്ഞെടുപ്പിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നതടക്കം ചില സമുദായ സംഘടനകൾ പരിഭവം പറഞ്ഞിട്ടുണ്ടല്ലോ.

 എല്ലാ സമുദായ സംഘടനകളുമായും നല്ല അടുപ്പത്തിലും സഹകരണത്തിലും പോവുക എന്നതാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും രീതി. അവരൊക്കെ പറയുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം കേൾക്കുകയും പരിഹരിക്കേണ്ടവയ്ക്ക് പരിഹാരം കാണുകയും ചെയ്യാറുണ്ട്. ഇനിയും അതേ സമീപനം തുടരും. പിന്നെ,​ ചില സംഘടനകൾ പലവിധ കാരണങ്ങളാൽ സർക്കാരുമായി ചിലപ്പോൾ അടുപ്പം കാട്ടും. അവർക്കും ഉള്ളിൽ യു.ഡി.എഫിനോട് താത്പര്യമുണ്ടെന്നതാണ് സത്യം.

? ആരോഗ്യ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സമരം തുടരുമോ.

 ആരോഗ്യ മന്ത്രി രാജവയ്ക്കണമെന്നു തന്നെയാണ് ആവശ്യം. ചിലർ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താൻ ഇറങ്ങിയിരിക്കുകയാണ്. കരിങ്കൊടി പ്രതിഷേധത്തിൽ എന്തിനാണ് അസ്വസ്ഥത?​ ആദ്യമായല്ലല്ലോ മന്ത്രിമാരുടെ ഓഫീസുകളിലേക്ക് മാർച്ച് നടത്തുന്നത്. പ്രതിപക്ഷ നേതാക്കൾ റോഡിൽ ഇറങ്ങില്ലെന്നാണ് ചിലർ പറഞ്ഞത്. ഭീഷണിയൊക്കെ കൈയിൽ വച്ചാൽ മതി; ഇങ്ങോട്ട് എടുക്കേണ്ട.

? നല്ല പുസ്തക വായനയുണ്ടല്ലോ. അതിന് എങ്ങനെ സമയം കണ്ടെത്തുന്നു.

 അതൊക്കം ടൈം മാനേജ്മെന്റിന്റെ വിഷയമാണ്. ഏറ്റവും കൂടുതൽ തിരക്കുള്ളവരാണ് ഒരുപക്ഷെ ഏറ്റവും അധികം വായിക്കുന്നത്. ഒരു ദിവസം കുറച്ചുസമയമെങ്കിലും പുസ്തകം വായിക്കുക എന്നത് നേരത്തെയുള്ള ശീലമാണ്. ഒരു പുസ്തകമെടുത്ത് വായിച്ചുതുടങ്ങുമ്പോൾ മനസിലാവും,​ എത്ര സമയം ഒരുദിവസം വായിക്കണമെന്ന്. ചിലത് ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും. വായന കഴിഞ്ഞാൽ പിന്നത്തെ കമ്പം യാത്രകളോടാണ്. പ്രത്യേകിച്ച് വനയാത്ര. കൃത്യമായ ഇടവേളകളിൽ ട്രക്കിംഗിന് പോകാറുണ്ട്.